earth

സൂര്യന് ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്നതായി അറിയപ്പെടുന്ന ഗ്രഹമാണ് ഭൂമി. കോടിക്കണക്കിന് വർഷങ്ങളായി ഭൂമിയിൽ ജീവന്റെ തുടിപ്പ് നിലനിൽക്കുന്നു. ഏകദേശം നാലര ബില്യൺ വർഷങ്ങൾക്ക് മുൻപ് ഭൂമി രൂപപ്പെട്ടതായാണ് കരുതുന്നത്. ഭൂമിയിൽ നിരവധി പരിണാമങ്ങളും സംഭവിച്ചിട്ടുണ്ട്. ഇതിൽ മനുഷ്യൻ ഉണ്ടായ കാലം മുതൽ ആളുകൾ ഭയക്കുന്നതാണ് ലോകാവസാനം. ഇതിനെ സംബന്ധിച്ച് പല പ്രവചനങ്ങളും വന്നിട്ടുണ്ട്. മത പണ്ഡിതന്മാർ, സാധാരണക്കാർ ,ശാസ്ത്രജ്ഞർ തുടങ്ങി നിരവധി പേർ ലോകാവസാനത്തിനെക്കുറിച്ച് പല വാദങ്ങളും ഉന്നയിക്കുന്നു.

എന്നിരുന്നാലും ഭൂമിയുടെ അന്ത്യത്തെക്കുറിച്ചു ശാസ്ത്രജ്ഞന്മാർക്ക് കൃത്യമായ രീതിയിൽ പ്രവചനം നടത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ ലോകാവസാനത്തിലേക്ക് നയിക്കുന്ന ചില സാദ്ധ്യതകൾ ശാസ്ത്രജ്ഞന്മാ‌ർ മുന്നോട്ട് വയ്ക്കുന്നുണ്ട്. അതിൽ ചിലത് നോക്കാം.

1. ഛിന്നഗ്രഹം

ഒരു ഛിന്നഗ്രഹത്തിന്റെ പതനമായിരിക്കും ഭൂമിയുടെ അവസാനമെന്നാണ് ചില‌ർ അഭിപ്രായപ്പെടുന്നത്. ഛിന്നഗ്രഹങ്ങൾ ഭൂമിയുമായി കൂട്ടിയിടിച്ച് കാര്യമായ പരിസ്ഥിതി പ്രശ്നങ്ങൾക്കും അവസാനത്തിനും കാരണമാകുന്നു. ഇത്തരത്തിൽ ഒരു ഛിന്നഗ്രഹം കൂട്ടിയിടിച്ചതാണ് ദിനോസറുകളുടെ വംശനാശത്തിന് കാരണമായതെന്നും റിപ്പോർട്ടുണ്ട്. ഭാവിയിൽ ഒരു വലിയ ഛിന്നഗ്രഹം ഭൂമിയിൽ കൂട്ടിയിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചില ഗവേഷകർ പ്രവചിച്ചിട്ടുണ്ട്.

earth

2. സൂപ്പർ അഗ്നിപർവതങ്ങൾ

ഭൂമിക്ക് വ്യാപകമായി നാശം വരുത്താൻ കഴിവുള്ളവയാണ് സൂപ്പർ അഗ്നിപർവതങ്ങൾ. വലിയ അഗ്നിപർവത സ്ഫോടനങ്ങൾ ഭൂമിയ്ക്ക് വലിയ ദോഷം ചെയ്യുന്നു. സൂപ്പർ അഗ്നിപർവത സ്‌ഫോടനങ്ങൾ അപൂർവമാണെങ്കിലും സംഭവിക്കാൻ സാദ്ധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്. യുണെെറ്റഡ് സ്റ്റേറ്റ്സിലെ കാൽഡെറ യെല്ലോസ്റ്റോണിൽ സ്ഥിതി ചെയ്യുന്ന അഗ്നിപർവതം സൂപ്പർ അഗ്നിപർവതത്തിന് ഒരു ഉദാഹരണമാണ്. ഇത് പൊട്ടിത്തെറിച്ചാൽ ഭൂമിയിലെ ജീവന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നു.

earth

3. കാലാവസ്ഥാ വ്യതിയാനം

മനുഷ്യന്റെ ചില പ്രവർത്തനങ്ങൾ ഭൂമിയെയും അതിന്റെ കാലാവസ്ഥയെയും സാരമായി ബാധിച്ചിട്ടുണ്ട്. ഫോസിൽ ഇന്ധനങ്ങൾ കത്തിക്കുക, വനനശീകരണം, വ്യാവസായിക പ്രക്രിയകൾ എന്നിവ ഹരിതഗൃഹ വാതകം പുറംതള്ളുന്നത് അതിവേഗം കൂട്ടുന്നു. ഇത് ആഗോളതാപനത്തിന് കാരണമാകുന്നു. കാലാവസ്ഥാ വ്യതിയാനം മഞ്ഞ് ഉരുകുന്നതിന് കാരണമാകുകയും സമുദ്ര നിരപ്പ് ഉയർത്തുകയും ചെയ്യുന്നു. ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം ഭൂമിയിലെ ജീവന് വളരെ അപകടകരമാണ്. ഇത് ഭൂമിയുടെ നാശത്തിന് കാരണമാകുമെന്നും ചിലർ അഭിപ്രായപ്പെടുന്നു.

earth

4. ആണവ ദുരന്തം

ആണവ സാങ്കേതികവിദ്യയുടെ വികസനവും ഉപയോഗവും ഭൂമിയിലെ ജീവന് ഒരു വലിയ ഭീഷണിയാണ്. ആണവദുരന്തങ്ങൾ വ്യാപകമായ റേഡിയേഷൻ മലിനീകരണത്തിന് കാരണമാകും. ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും പാരിസ്ഥിതിക നാശത്തിനും ഇടയാക്കും. ആണവ ദുരന്തങ്ങൾ തടയാൻ അന്താരാഷ്ട്ര സഹകരണവും ക‌ർശന സുരക്ഷാ നടപടികളും അനിവാര്യമാണ്.

earth

5. ജെെവിക ഭീഷണി

ബയോടെക്നോളജിയിലെ പുരോഗതി അപകടങ്ങളും നൽകുന്നുണ്ട്. മെഡിക്കൽ രംഗത്തെ മുന്നേറ്റങ്ങൾ രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയുമെങ്കിലും ബോധപൂർവം പല രോഗങ്ങളും സൃഷ്ടിക്കാനും കാരണമാകുന്നു. ഇത് ഒരു ആഗോള മഹാമാരിയിലേക്ക് നയിച്ചേക്കാം.

earth

ഭൂമിയിലെ ജീവൻ ഭാവിയിൽ വളരെ അപകടത്തിലാണ്. ഭാവിയിൽ പ്രകൃതിദത്തവും മനുഷ്യ പ്രേരിതവുമായ ഭീഷണികൾ നേരിടേട്ടിവരുന്നുവെന്നാണ് കണ്ടെത്തൽ. ലോകാവസാനത്തിന്റെ കൃത്യമായ സമയവും സാഹചര്യവും പറയുക പ്രയാസമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. എന്നാൽ ഇത് നടക്കില്ലെന്ന് കരുതാനും കഴിയില്ല. എന്നാൽ ചില മുൻകരുതലുകൾ നമുക്ക് തന്നെ എടുത്ത് അപകടസാദ്ധ്യതകൾ കുറയ്ക്കാൻ കഴിയും.