തിരുവനന്തപുരം: വിശപ്പ് രഹിത സമൂഹം സൃഷ്ടിക്കുന്നതിനായി പൂജപ്പുര യുവജന സമാജം ഗ്രന്ഥശാല പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളോടൊപ്പം നടപ്പിലാക്കുന്ന അന്നം അമൃതം പദ്ധതിക്ക് ഇന്ന് തുടക്കമാകും. ഗ്രന്ഥശാലയുടെ മുന്നിൽ സ്ഥാപിച്ചിരിക്കുന്ന അലമാരയിൽ നിന്ന് ആർക്ക് വേണമെങ്കിലും ഭക്ഷണം എടുക്കാം. രാവിലെ 8 മുതൽ 10വരെ പ്രഭാതഭക്ഷണവും 11മുതൽ 1വരെ ഉച്ച ഭക്ഷണവും ഉണ്ടാകും. ഇന്ന് രാവിലെ 8ന് മുടവൻമുകൾ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.ഗിരീശൻ പദ്ധതി ഉദ്ഘാടനം ചെയ്യും. മുൻ കൗൺസിലർ കെ.മഹേശ്വരൻ നായർ,നോവലിസ്റ്റ് ഇ.കെ.ഹരികുമാർ,ഫ്രാറ്റ് ജനറൽ സെക്രട്ടറി വി.എസ്.അനിൽ പ്രസാദ്,പുണ്യം ചാരിറ്റബിൾ സൊസൈറ്റി ചെയർമാൻ കെ.ജയകുമാരൻ നായർ എന്നിവർ പങ്കെടുക്കും. ഗ്രന്ഥശാലയുടെ കീഴിൽ പ്രവർത്തിക്കുന്ന ക്ഷേമകാര്യ സമിതിയാണ് നേതൃത്വം നൽകുന്നത്.