udf

പാലക്കാട്: പഞ്ചായത്തിലെ ഭരണം നഷ്ടമായതിന് പിന്നാലെ കോണ്‍ഗ്രസ് പഞ്ചായത്ത് മെമ്പര്‍ക്കെതിരെ പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യം. വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തുമെന്നാണ് പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയത്. പാലക്കാട് ജില്ലയിലെ കൊപ്പം പഞ്ചായത്തിലെ ഭരണം നഷ്ടപ്പെട്ടതോടെയാണ് പ്രവര്‍ത്തകര്‍ പാര്‍ട്ടി നേതാവിനെതിരെ തിരിഞ്ഞത്.

അവിശ്വാസ പ്രമേയത്തില്‍ എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്ത കോണ്‍ഗ്രസ് നേതാവ് ഷഫീഖിന് എതിരെയാണ് പ്രതിഷേധം. ഭരണസമിതിക്കെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ഏഴിനെതിരേ ഒന്‍പത് വോട്ടുകള്‍ക്ക് പാസായി.

17 അംഗ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ട് വീതം അംഗങ്ങളും ബിജെപിക്ക് ഒരംഗവുമാണ് ഉള്ളത്. ഇന്ന് നടന്ന അവിശ്വാസപ്രമേയ വോട്ടെടുപ്പില്‍ ഷഫീഖ് എല്‍ഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. ബിജെപി അംഗം വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.

ബിജെപിക്കൊപ്പം നിന്ന് ഭരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പഞ്ചായത്ത് പ്രസിഡന്റിനെതിരേ എല്‍ഡിഎഫ് അവിശ്വാസപ്രമേയം കൊണ്ടുവന്നത്. മുമ്പ് ഇവിടെ നറുക്കെടുപ്പിലൂടെയാണ് യുഡിഎഫ് ഭരണം നേടിയത്.