
ന്യൂഡൽഹി: ടെസ്റ്റ് ഫോർമാറ്റിൽ മോശം ഫോമിൽ തുടരുന്ന ശുഭ്മാൻ ഗില്ലിനെതിരേ കടുത്ത വിമർശനവുമായി ഇന്ത്യൻ നായകനും പരിശീലകനുമായിരുന്ന അനിൽ കുംബ്ലെ. 100 ടെസ്റ്റുകൾ കളിച്ച ചേതേശ്വർ പൂജാരയ്ക്കില്ലാത്ത പരിഗണനയാണ് ടീമിൽ ഗില്ലിന് ലഭിക്കുന്നതെന്ന് കുംബ്ലെ തുറന്നടിച്ചു. തന്റെ അവസാന 11 ടെസ്റ്റ് ഇന്നിംഗ്സുകളിൽ ഗില്‍ ഒരു അർധസെഞ്ച്വറി പോലും നേടിയിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ അഹമ്മദാബാദിൽ ഓസ്‌ട്രേലിയക്കെതിരേ 128 റൺസ് നേടിയ ശേഷം ടെസ്റ്റിലെ ഗില്ലിന്റെ ഉയർന്ന സ്‌കോർ 36 ആണ്. ഇംഗ്ലണ്ടിനെതിരേ ഹൈദരാബാദിൽ 23, 0 എന്നിങ്ങനെയായിരുന്നു ഗില്ലിന്റെ സ്‌കോറുകൾ.
കഴിഞ്ഞ വർഷം ജൂണിൽ ഓസ്‌ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് പുജാര ഇന്ത്യൻ ടീമിൽ അവസാനമായി കളിച്ചത്. അതിനു ശേഷം ഫസ്റ്റ് ഡൗൺ പൊസിഷനിൽ ഇറങ്ങുന്നത് ഗില്ലാണ്. ഇന്ത്യൻ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ട ശേഷം ഇംഗ്ളീഷ് കൗണ്ടിയിൽ മികച്ച പ്രകടനം കാഴ്ചവച്ച പുജാര ഈ മാസം ആദ്യം നടന്ന രഞ്ജി മത്സരത്തിൽ ഇരട്ട സെഞ്ച്വറി (243*) നേടിയിരുന്നു. എന്നിട്ടും ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.