rally

പാലക്കാട്: ഓഫ് റോഡ് റേസിംഗ് മത്സരമായ ഡാക്കാർ റാലിയിൽ ജേതാവായിചരിത്രമെഴുതി മലയാളി താരം ഹാരിത്‌ നോവ. സൗദി അറേബ്യൻ മരുഭൂമിയിൽനടന്ന മത്സരത്തിൽബൈക്ക് റാലി 2 വിഭാഗത്തിലാണ്ഹാരിത് നോവ ഒന്നാമതെത്തിയത്. ആദ്യമായാണ് ഡാക്കാർ റാലിയിൽ ഒരിന്ത്യക്കാരൻ ചാമ്പ്യനാകുന്നത്. ഓവറാൾ ബൈക്ക് റേസ് വിഭാഗത്തിൽ (റാലി ജി.പി. + റാലി ക്ലാസ് 2) 11-ാം സ്ഥാനം നേടാനും ഹാരിത്തിനായി. ഇതും ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച നേട്ടമാണ്.

ടി.വി.എസ്. ഷെർക്കോയുടെ റൈഡറായ ഹാരിത് നേരത്തേയും ഡാക്കർ റാലിയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ചാമ്പ്യൻഷിപ്പ് നേടുന്നത് ആദ്യമാണ്. മരുഭൂമി വഴി രണ്ടാഴ്ച നീണ്ട കടുത്ത മത്സരത്തിനൊടുവിലാണ് ഹാരിതിന്റെ വിജയം. റാലി ടു വിഭാഗത്തിൽ രണ്ടാംസ്ഥാനം നേടിയ റൊമേൻ ഡുമോന്റിയറിനെക്കാളേറെ നാലു മിനിട്ട് മുമ്പേ ഫിനിഷ് ചെയ്താണ് ഹാരിത് ചാമ്പ്യനായത്. ഓവറാൾവിഭാഗത്തിൽ വെറും ആറു മിനിട്ടിന്റെ വ്യത്യാസത്തിലാണ് ആദ്യ പത്തിൽ ഇടംപിടിക്കാനുള്ള അവസരം നഷ്ടമായത്.

ബൈക്ക് റാലി വിഭാഗത്തിൽ ഇന്ത്യയുടെ ഹീറോ മോട്ടോർസ്‌പോർട്‌സ് ടീം രണ്ടാംസ്ഥാനം നേടിയതും അഭിമാനമായി. ഹീറോ മോട്ടോർ സ്‌പോർട്ട്‌സിനായി റൈഡർ റോസ് ബ്രാഞ്ചാണ് മത്സരിച്ചിരുന്നത്. ഡാക്കാർ റാലിയിൽ പോഡിയം ഫിനിഷ് ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമാതാക്കൾ എന്ന നേട്ടം സ്വന്തമാക്കാൻ ഇതുവഴി ഹീറോയ്ക്ക് കഴിഞ്ഞു.