
റാഞ്ചി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറന്‍ രാജിവെച്ചു. ഭൂമി കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഗവര്‍ണറെ കണ്ട് രാജിക്കത്ത് സമര്‍പ്പിച്ചത്. ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് ഒപ്പമാണ് സോറന്‍ ഗവര്‍ണറെ കണ്ടത്. അതേസമയം കസ്റ്റഡിയിലുള്ള സോറന്റെ അറസ്റ്റ് ഇ.ഡി ഇന്ന് തന്നെ രേഖപ്പെടുത്തിയേക്കും.
ഹേമന്ദിന് പകരം ചംപായ് സോറന്‍ പുതിയ മുഖ്യമന്ത്രിയാകും. നിലവില്‍ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രിയാണ് ചംപായ്. ഹേമന്ദ് സോറന്റെ ഭാര്യ കല്‍പ്പന സോറന്‍ മുഖ്യമന്ത്രിയാകുമെന്നാണ് സൂചനയുണ്ടായിരുന്നതെങ്കിലും പാര്‍ട്ടിക്കുള്ളില്‍ കല്‍പ്പനയ്‌ക്കെതിരെ എതിര്‍പ്പ് ശക്തമായിരുന്നു. ഇതോടെയാണ് ചംപായ് മുഖ്യമന്ത്രിയാകുന്നത്.
ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥര്‍ മുഖ്യമന്ത്രിയുടെ വസതിയിലെത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയും ചീഫ് സെക്രട്ടറിയും മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയിട്ടുണ്ട്. മൂന്ന് ബസുകളാണ് മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നില്‍ ക്യാമ്പ് ചെയ്യുന്നത്.
ഹേമന്ദ് സോറനെ അറസ്റ്റ് ചെയ്താല്‍ എംഎല്‍എമാരെ കൊണ്ട് പോകാനാണ് ബസുകള്‍ എത്തിച്ചതെന്നാണ് അഭ്യൂഹം. അതിനിടെ ഇ.ഡി ഓഫീസ് പരിസരത്ത് നിരോധനാജ്ഞയും പ്രഖ്യാപിച്ചിരുന്നു.
നേരത്തെ പത്ത് തവണ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ഇന്നാണ് സോറന്‍ തന്റെ സൗകര്യം അറിയിച്ചത്.
ഡല്‍ഹിയില്‍ ഇ.ഡി നടപടികള്‍ പുരോഗമിക്കുന്നതിനിടെ സോറന്‍ റാഞ്ചിയിലേക്ക് മടങ്ങിയിരുന്നു. തുടര്‍ന്ന് ഫോണ്‍ സ്വിച്ച് ഓഫ് ആണെന്നും മുഖ്യമന്ത്രിയെ കാണാനില്ലെന്നും കാണിച്ച് ഇ.ഡി രംഗത്ത് വന്നിരുന്നു.
റാഞ്ചിയിലെത്തിയ ഹേമന്ദ് സോറന്‍ ജെ.എം.എം എംഎല്‍എമാരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. ഭാര്യ കല്‍പ്പന സോറനും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു.