
കോഴിക്കോട്: മലപ്പുറത്തിനും പൊന്നാനിക്കും പുറമേ മൂന്നാമത് ഒരു സീറ്റില്‍ കൂടി ലോക്‌സഭയില്‍ മത്സരിക്കണമെന്ന ലീഗിന്റെ ആഗ്രഹം തുടങ്ങിയിട്ട് കാലം കുറച്ചായി. പാര്‍ട്ടിക്ക് മൂന്നാമതൊരു സീറ്റിന് അര്‍ഹതയുണ്ടെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസിന് കൂടുതല്‍ അംഗങ്ങളുണ്ടാകേണ്ട സാഹചര്യം മനസിലാക്കിയാണ് ലീഗം മൗനം പാലിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടനുസരിച്ച് മൂന്നാമതൊരു സീറ്റെന്ന ആവശ്യം കോണ്‍ഗ്രസിന് മു്ന്നില്‍ ലീഗ് അവതരിപ്പിച്ച് കഴിഞ്ഞു.
മലബാറില്‍ നിന്ന് തന്നെ ഒരു മണ്ഡലത്തില്‍ കൂടി പാര്‍ട്ടിക്ക് സ്ഥാനാര്‍ത്ഥിയുണ്ടാകണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടുകഴിഞ്ഞു. കോണ്‍ഗ്രസുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്ന് മത്സരിക്കുന്നില്ലെങ്കില്‍ അദ്ദേഹത്തിന്റെ സിറ്റിംഗ് സീറ്റായ വയനാടാണ് ലീഗിന് നോട്ടമുള്ള ഒന്നാമത്തെ സീറ്റ്. 2019ല്‍ നാല് ലക്ഷത്തിലധികം വോട്ടിന് കോണ്‍ഗ്രസ് വിജയിച്ച മണ്ഡലമാണിത്.
വയനാടിന് പുറമെ കണ്ണൂര്‍ അല്ലെങ്കില്‍ വടകരയാണ് ലീഗ് നേതൃത്വം ലക്ഷ്യമിടുന്ന മറ്റ് മണ്ഡലങ്ങള്‍. കെ സുധാകരനും കെ മുരളീധരനുമാണ് സിറ്റിംഗ് എംപിമാര്‍. ഇതില്‍ കെപിസിസി അദ്ധ്യക്ഷനായ സുധാകരന്‍ ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. കണ്ണൂരിനായി കോണ്‍ഗ്രസിലെ ഒരു വിഭാഗം നേതാക്കള്‍ രംഗത്തുണ്ടെങ്കിലും സുധാകരന്റെ അടുത്ത അനുയായി ജയന്തനാണ് സാദ്ധ്യത കല്‍പ്പിക്കപ്പെടുന്നത്.