champai-soren

റാഞ്ചി: ഭൂമി കുംഭകോണ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ഹേമന്ദ് സോറന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കുകയായിരുന്നു. ഭാര്യ കല്‍പ്പന സോറന്‍ സംസ്ഥാനത്തിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നാണ് കരുതിയതെങ്കിലും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവ് ചമ്പൈ സോറന് നറുക്ക് വീഴുകയായിരുന്നു.

ഹേമന്ദ് മന്ത്രിസഭയിലെ ഗതാഗത, പിന്നോക്ക വികസന വകുപ്പ് മന്ത്രിയായിരുന്നു 67കാരനായ ചമ്പൈ. ജാര്‍ഖണ്ഡ് ടൈഗര്‍ എന്ന പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഹേമന്ദ് സോറന്റെ പിതാവ് ഷിബു സോറന്റെ അടുത്ത അനുയായിയിരുന്നു ചമ്പൈ. പാര്‍ട്ടി സ്ഥാപിതമായപ്പോള്‍ മുതല്‍ ജെഎംഎമ്മിനൊപ്പമുള്ള നേതാവാണ് അദ്ദേഹം.

ഇ.ഡി നടപടിയെ തുടര്‍ന്ന് രാജിവെക്കേണ്ടി വരുമെന്ന സാഹചര്യം ഉണ്ടായപ്പോള്‍ പാര്‍ട്ടി എംഎല്‍എമാരുടെ യോഗം ഹേമന്ദ് വിളിച്ച് ചേര്‍ത്തിരുന്നു. കല്‍പ്പനയെ മുഖ്യമന്ത്രിയാക്കാനുള്ള നീക്കം യോഗത്തില്‍ അവതരിപ്പിച്ചെങ്കിലും പാര്‍ട്ടി എംഎല്‍എമാരുടെ എതിര്‍പ്പ് പ്രതികൂലമായി മാറി.

80 അംഗ നിയമസഭയില്‍ ജെഎംഎം കോണ്‍ഗ്രസ് സഖ്യത്തിന് 47 എംഎല്‍എമാരുണ്ട്. ഇതില്‍ 30 പേര്‍ ജെഎംഎം അംഗങ്ങളാണ്. സഖ്യത്തിലെ 41 എംഎല്‍എമാര്‍ ചമ്പൈ സോറനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്ത് വരികയായിരുന്നു.

ഖര്‍ഡസ്വാന്‍ ജില്ലയിലെ കര്‍ഷകനായിരുന്ന സിമാല്‍ സോറന്റെ മൂത്ത മകനാണ് ചമ്പൈ. ഏത് സാഹചര്യത്തെ നേരിടാനും തയ്യാറാണെന്നും ബിജെപി കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ചമ്പൈ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.