canoli-plot

മലപ്പുറം: ലോകത്തെ ആദ്യ തേക്ക് പ്ലാന്റേഷനായ നിലമ്പൂരിലെ കനോലി ഇക്കോ ടൂറിസം കേന്ദ്രം പ്രതിസന്ധിയിൽ. കനോലിപ്ലോട്ടിലെ ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള തൂക്കുപാലം തകർന്നതോടെ തേക്കിൻ തോട്ടത്തിലേക്ക് പോവാനാവാതെയായി. ഇതോടെ ഇഷ്ടകേന്ദ്രത്തെ സഞ്ചാരികൾ അവഗണിക്കാൻ തുടങ്ങി.

2018ലെ പ്രളയത്തിൽ ഭാഗികമായും 2019ലെ പ്രളയത്തിൽ പൂർണ്ണമായും തൂക്കുപാലം തകർന്നിരുന്നു. തുടർന്ന് അഞ്ച് വർഷം പിന്നിട്ടെങ്കിലും തൂക്കുപാലം നിർമ്മാണം പൂർത്തിയാക്കാനായില്ല. ഇതോടെ ചാലിയാർ പുഴ കടന്ന് തേക്കിൻ തോട്ടം കാണാനെത്തുന്നവർക്ക് നിരാശയോടെ മടങ്ങേണ്ട സ്ഥിതിയായി.

കുതിരപ്പുഴയും ചാലിയാറും സംഗമിക്കുന്ന ഇടം വരെ പോകാനേ നിലവിൽ സാധിക്കൂ. പ്രത്യേക ഇരിപ്പിടങ്ങളും കുട്ടികൾക്ക് കളിക്കാനുള്ള സംവിധാനങ്ങളും അവിടെ ഒരുക്കിയിട്ടുണ്ട്. എന്നാൽ,​ തേക്കിൻ തോട്ടത്തിലൂടെയുള്ള യാത്ര സ്വപ്നം കണ്ടെത്തുന്നവർക്ക് ഇതൊന്നും സംതൃപ്തി നൽകില്ല. സഞ്ചാരികൾ എത്താതായതോടെ നേരത്തെ ഒരുകോടിയോളം വാർഷിക വരുമാനം ലഭിച്ചിരുന്നത് പകുതിയായി കുറഞ്ഞു. ഒരു നാടിന്റെ പൈതൃകത്തെ തിരികെ പിടിക്കാൻ തൂക്കുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.

പാഴായ വാഗ്ദാനം

പാലം നിർമ്മിക്കാൻ 2.35 കോടി രൂപയ്ക്ക് പൊതുമേഖലാ സ്ഥാപനമായ സിൽക്കുമായി വനംവകുപ്പ് കരാർ ഒപ്പിട്ടിരുന്നു. 2023 ജനുവരി പകുതിയാകുമ്പോഴേക്കും പണി പൂർത്തിയാക്കാമെന്നായിരുന്നു വാഗ്ദാനം. എന്നാൽ, ഒന്നരവർഷം പിന്നിട്ടിട്ടും ആകെ നിർമ്മിച്ചത് കോൺക്രീറ്റ് തൂണുകൾ മാത്രമാണ്. ഇപ്പോൾ നിർമ്മാണ പ്രവർത്തനം നിലച്ച മട്ടാണ്. താത്കാലിക പരിഹാരമായി കഴിഞ്ഞ വേനൽക്കാലത്ത് ചാലിയാർ പുഴയ്ക്ക് കുറുകെയുള്ള ഓടായിക്കൽ-ബീമ്പുങ്ങൽ റെഗുലേറ്റർ കം ബ്രിഡ്ജ്‌ ഷട്ടറുകൾ അടഞ്ഞ് കിടന്ന സമയത്ത് വനംവകുപ്പിന്റെ നേതൃത്വത്തിൽ ജങ്കാർ സർവ്വീസ് ആരംഭിച്ചിരുന്നു. എന്നാൽ ഷട്ടർ തുറന്നതോടെ ചാലിയാറിലെ ഒഴുക്ക് കൂടിയതിനാൽ സർവീസ് നിറുത്തി.

സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോടെ പ്രദേശത്ത് പ്രവർത്തിക്കുന്ന ചെറുകിട കച്ചവടക്കാരുടെയും ഓട്ടോ-ടാക്സി ഡ്രൈവർമാരുടെയും വരുമാനം വലിയ തോതിൽ കുറഞ്ഞു. 100ലധികം കുടുംബങ്ങളാണ് പരോക്ഷമായി കനോലി ടൂറിസം വഴി ഉപജീവനം കണ്ടെത്തിയിരുന്നത്. കൃത്യതയോടെ കാര്യങ്ങൾ നീക്കിയാൽ രണ്ട് മാസത്തിനകം തൂക്കുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനാവും.

കെ.പ്രകാശ്,​ അകമ്പാടം ബീറ്റ് ഫോറസ്റ്റ് ഓഫീസർ