samastha

മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പ്രസിഡന്റായ പട്ടിക്കാട് ജാമിഅഃനൂരിയ്യയിലെ സനദ് ദാന പൊതുസമ്മേളനത്തിൽ സമസ്തയിലെ ലീഗ് വിരുദ്ധരായ നേതാക്കളെ ഒഴിവാക്കി. ഞായറാഴ്ചത്തെ പൊതുസമ്മേളനത്തിൽ പ്രാസംഗികരുടെ പട്ടികയിൽ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവും എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരും ഇല്ല. റഷീദ് ഫൈസി വെള്ളായിക്കോട്, മുസ്തഫ മുണ്ടുപാറ, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ എന്നിവരും പട്ടികയിലില്ല. ഇ.കെ വിഭാഗം സുന്നികളുടെ സംസ്ഥാനത്തെ ഏറ്റവും പ്രധാന വിദ്യാഭ്യാസ സ്ഥാപനമായ പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ സമ്മേളനത്തിൽ സ്ഥിരമായി പങ്കെടുക്കുന്ന ഇവരെ ഒഴിവാക്കിയത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഒഴിവാക്കലിന് പിന്നിൽ സാദിഖലി ശിഹാബ് തങ്ങളടക്കമുള്ള മുസ്ലിം ലീഗ് നേതാക്കളാണെന്നാണ് ആരോപണം.

ക്രിസ്മസ് കേക്ക് മുറിക്കുന്നതുമായി ബന്ധപ്പെട്ട ഹമീദ് ഫൈസിയുടെ വിവാദ പോസ്റ്റാണ് നിമിത്തമായത്. കെ.സി.ബി.സി ആസ്ഥാനത്ത് നടന്ന ക്രിസ്മസ് ആഘോഷ ചടങ്ങിൽ സാദിഖലി തങ്ങൾക്കൊപ്പം കേക്ക് മുറിക്കുന്ന ഫോട്ടോ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ മുസ്ലീങ്ങൾ കേക്ക് മുറിക്കരുതെന്ന പ്രസ്താവനയുമായി ഹമീദ് ഫൈസി രംഗത്തെത്തിയിരുന്നു. ക്രിസ്തുവിനെ ദൈവപുത്രനായി കാണുന്ന ക്രിസ്മസ് ആഘോഷത്തിലും ആരാധനകളിലും മുസ്ലീമിന് എങ്ങനെയാണ് പങ്കെടുക്കാൻ കഴിയുകയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചിരുന്നു.

ഈ പ്രസ്താവനയോടുള്ള തങ്ങളുടെ അതൃപ്തിയാണ് കാരണമെന്നും ആക്ഷേപമുയരുന്നുണ്ട്. ഏക സിവിൽ കോഡ് വിഷയവും വഖഫ് ബോർഡ് നിയമനവുമടക്കം സമസ്തയിലെ ലീഗ് വിരുദ്ധരെടുത്ത നിലപാടുകൾ ലീഗ്-സമസ്ത ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയിരുന്നു. പട്ടിക്കാട് ജാമിഅഃ നൂരിയ്യയിലെ സനദ് ദാന പൊതുസമ്മേളനം ഇന്ന് ആരംഭിക്കും.