-

മലപ്പുറം: ഒന്നര വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ച മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിർമ്മാണം തുടങ്ങിയിട്ട് ഇന്നേക്ക് എട്ട് വർഷം തികയും. ഒപ്പം പ്രഖ്യാപിച്ച മറ്റ് ജില്ലകളിലെ മൂന്ന് ടെർമിനലുകളും നേരത്തെ തന്നെ പൂർത്തിയായെങ്കിലും അധികൃതരുടെ അനാസ്ഥയിൽ മലപ്പുറത്തേത് മാത്രം അനന്തമായി നീണ്ടു. നഗരത്തിലെ കണ്ണായ സ്ഥലത്ത് നിർമ്മിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സ് വഴി മികച്ച വരുമാന സാദ്ധ്യതയടക്കം നിലനിൽക്കുമ്പോഴും സമയബന്ധിതമായി പദ്ധതി പൂർത്തീകരിക്കാൻ അധികൃതർ താത്പര്യം പ്രകടിപ്പിക്കുന്നില്ല.

ബസ് ടെർമിനലിന്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരിക്കാൻ ഫണ്ട് അനുവദിക്കാമെന്ന് ധനവകുപ്പ് അറിയിച്ച് ആറ് മാസമായിട്ടും പ്രപ്പോസൽ പോലും ഇതുവരെ കെ.എസ്.ആർ.ടി.സി അധികൃതർ സമർപ്പിച്ചിട്ടില്ല.
2016 ജനുവരി രണ്ടിനാണ് മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തറക്കല്ലിട്ടത്. ഒന്നര വർഷംകൊണ്ട് പണി പൂർത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. നിർമ്മാണ പ്രവൃത്തികൾക്കായി 7.90 കോടി രൂപ അനുവദിച്ചു. 18 കോടിയാണ് പദ്ധതിച്ചെലവ്. ആദ്യം 11 നില ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മിക്കാനാണ് പ്ലാനും എസ്റ്റിമേറ്റും തയാറാക്കിയതെങ്കിൽ പിന്നീട് ആറ് നിലയാക്കി ചുരുക്കി. മൂന്ന് നില വീതം രണ്ട് ഘട്ടങ്ങളിലാക്കി ടെർമിനൽ നിർമ്മാണം. തുടക്കത്തിൽ അനുവദിച്ച ഫണ്ട് തീർന്നതോടെ പ്രവൃത്തികളും ഇഴഞ്ഞുനീങ്ങി. പി.ഉബൈദുള്ള എം.എൽ.എയുടെ ശ്രമഫലമായി സർക്കാർ 90 ലക്ഷം രൂപ അനുവദിച്ചു.

ഇന്നലെ മുതൽ ഗ്രൗണ്ട് ഫ്ലോറിലെ മിനുക്കുപണികൾ തുടങ്ങിയിട്ടുണ്ട്. മുകൾനിലയുടെ പ്രവൃത്തി പൂർത്തീകരിക്കാനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് രണ്ട് കോടി രൂപ അനുവദിച്ചിരുന്നു. സാങ്കേതിക കുരുക്കുകളിൽപെട്ട് തുക ചെലവഴിക്കുന്നത് നീണ്ടു. ടെൻഡർ രേഖകളിൽ പിഴവ് ചൂണ്ടിക്കാട്ടി കെ.എസ്.ആർ‌.ടി.സി ചീഫ് ഓഫീസർ ടെൻഡർ റദ്ദാക്കിയതും തിരിച്ചടിയായി. പുതിയ ടെൻഡറിൽ കരാറുകാരനായിട്ടുണ്ട്. ഡിപ്പോയിലെ ഓഫീസുകൾ ഏതാനും മാസം മുമ്പ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്. സ്റ്റേഷൻ മാസ്റ്ററുടെ ഓഫീസും റിസർവേഷൻ കൗണ്ടറും ജില്ല ട്രാൻസ്‌പോർട്ട് ഓഫീസറുടെ കാര്യാലയവുമെല്ലാം പുതിയ കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്.

ടെർമിനൽ നിർമ്മാണം പൂർത്തിയായാലും യാർഡ് (മുറ്റം) നന്നാക്കണമെങ്കിൽ പഴയ കെട്ടിടങ്ങൾ പൂർണ്ണമായി പൊളിക്കണം. മൂന്ന് തവണ ടെൻഡർ വിളിച്ചെങ്കിലും ആരുമെത്തിയില്ല. തുടർനടപടികൾക്ക് കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസിലേക്ക് അയച്ചിട്ടുണ്ട്. ചുറ്റുമതിലും ടവറും പൊളിക്കാൻ ടെൻഡർ നൽകാൻ ജനുവരി 18ന് ലേലം നടക്കും.

ഡെപ്പോസിറ്റ് കുറച്ചാൽ രക്ഷ

39 മുറികളാണ് ബസ് ടെർമിനൽ കോംപ്ലക്സിലുള്ളത്. പലതവണ ലേലം നടന്നിട്ടും ഏറ്റെടുത്തത് ഒരുമുറി മാത്രം. കടമുറികൾക്ക് വലിയ തുക ഡെപ്പോസിറ്റായി ആവശ്യപ്പെട്ടതും തിരിച്ചടിയായി. കടമുറികളുടെ ലേലത്തുക നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്താനായിരുന്നു പദ്ധതി. വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിവിധ സർക്കാർ‌ വകുപ്പുകളുടെ ഓഫീസുകൾ ടെർമിനൽ കോംപ്ലക്സിലേക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നുണ്ട്. മലപ്പുറം പോസ്റ്റൽ ഓഫീസ് അധികൃതരും താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

അടുത്ത ബജറ്റിൽ മലപ്പുറം മണ്ഡലത്തിൽ നിന്നുള്ള ആദ്യത്തെ പദ്ധതിയായി മലപ്പുറം ഡിപ്പോയുടെ പൂർത്തീകരണമാവും നൽകുക. നിയമസഭയിലും പുറത്തും പദ്ധതി പൂർത്തീകരിക്കാൻ നിരന്തര ശ്രമങ്ങൾ നടത്തുന്നുണ്ട്. സാങ്കേതിക കുരുക്കുകൾ ഉന്നയിച്ച് അധികൃതർ പലവട്ടം പദ്ധതി നീട്ടികൊണ്ടുപോയതും തിരിച്ചടിയായി.

പി.ഉബൈദുള്ള എം.എൽ.എ