iuml

മലപ്പുറം: പട്ടിക്കാട് ജാമിഅ നൂരിയ്യ സനദ് ദാന സമ്മേളനത്തിൽ സമസ്ത യുവനേതാക്കളെ ഒഴിവാക്കിയതിനെ ചൊല്ലി മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി തങ്ങളെ രൂക്ഷമായി അധിക്ഷേപിച്ച് സമ്മേളന നഗരിയിൽ ലഘുലേഖ പ്രചാരണം.

ദുർവാശിക്കാരനും അഹങ്കാരത്തിന്റെ അങ്ങേയറ്റവുമാണ് സാദിഖലി തങ്ങൾ. സ്ഥാപനങ്ങളുടെ സാരഥ്യങ്ങളും മഹല്ലുകളുടെ ഖാളി സ്ഥാനങ്ങളും പാരമ്പര്യമായി കിട്ടിയതാണെന്നും നേതൃപാടവം കൊണ്ടോ മതപരമായ സ്ഥാനങ്ങളുള്ളതിനാലോ അല്ലെന്നും ലഘുലേഖ കുറ്റപ്പെടുത്തുന്നു. പാണക്കാട്ടെ പൂർവികരുടെ പുണ്യങ്ങളും സ്വഭാവ മഹിമയും നേതൃഗുണങ്ങളും സ്മരണീയമാണ്. അവരുടെ വിയോഗാനന്തരം സാദിഖലി തങ്ങളിൽ നേതൃത്വമെത്തിപ്പെട്ടത് ദുര്യോഗമായിരുന്നു. ജാമിഅ നൂരിയ്യ സമസ്തയുടെ സ്ഥാപനമാണ്. അവിടെ സമസ്തക്കാർ കേൾക്കാനാഗ്രഹിക്കുന്ന ശബ്ദം മൂടിക്കളയാമെന്ന് ആഗ്രഹിക്കുന്ന രാഷ്ട്രീയ ഹിജഡകൾക്ക് മറുപടി സമ്മേളന നഗരിയിൽ തന്നെ ഉയരുമെന്നും ലഘുലേഖ ചൂണ്ടിക്കാട്ടുന്നു.

ലഘുലേഖയ്ക്ക് പിന്നിൽ ലീഗിനെ എതിർക്കുന്ന സമസ്തയിലെ ഒരു വിഭാഗമാണെന്നാണ് ലീഗിന്റെ ആരോപണം. സമസ്തയുടെ പ്രധാന സ്ഥാപനമായ പട്ടിക്കാട് ജാമിഅ നൂരിയ്യയുടെ പ്രസിഡന്റാണ് സാദിഖലി തങ്ങൾ. ജാമിഅ സമ്മേളനത്തിൽ നിന്ന് സ്ഥിരം പ്രഭാഷകരായ സുന്നി യുവജന സംഘം (എസ്.വൈ.എസ്) വർക്കിംഗ് ജനറൽ സെക്രട്ടറി അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂർ തുടങ്ങിയവരെ ഒഴിവാക്കിയതാണ് വിവാദങ്ങൾക്ക് വഴി വച്ചത്.

സ്ഥിരമായി ലീഗിനെയും സാദിഖലി തങ്ങളെയും വിമർശിക്കുന്നവരെയാണ് ഇത്തവണ ഒഴിവാക്കിയതെന്നാണ് ആക്ഷേപം. സാദിഖലി തങ്ങൾ ക്രിസ്മസ് കേക്ക് മുറിച്ചത് മതവിരുദ്ധമെന്ന് ആരോപിച്ച് സുന്നി നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് രംഗത്തെത്തിയതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. ലീഗിനോട് അടുപ്പമുള്ള നാസർ ഫൈസി കൂടത്തായി അടക്കമുള്ള എസ്.വൈ.എസ് നേതാക്കളെ ക്ഷണിച്ചിട്ടുമുണ്ട്. പട്ടിക്കാടിലെ ചില പൂർവ്വ വിദ്യാർത്ഥികളും ഹമീദ് ഫൈസിക്കായി സമൂഹ മാദ്ധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.സമസ്ത യുവനേതാക്കളെ ഒഴിവാക്കിയതിനെ കുറിച്ച് താൻ കേട്ടിട്ടില്ലെന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സാദിഖലി തങ്ങൾ പറഞ്ഞു. പ്രതിഷേധങ്ങൾക്കിടെ സനദ് ദാന സമ്മേളനത്തിന് ഇന്നലെ തുടക്കമായി.