
മഞ്ചേരി: സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പും ശുചിത്വമിഷനും നഗരസഭയും സംയുക്തമായ സംഘടിപ്പിക്കുന്ന 'സ്‌നേഹാരാമം' പദ്ധതിയുടെ മുനിസിപ്പൽതല ഉദ്ഘാടനം ചെയർപേഴ്സൻ വി.എം. സുബൈദ നിർവഹിച്ചു. നെല്ലിക്കുത്ത് ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിലെ എൻ.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തിലാണ് സ്‌നേഹാരാമം നിർമിച്ചത്. വാർഡ് കൗൺസിലർ ടി. ശ്രീജ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എം.പി. സിദ്ദീഖ്, ജംഷീല ഷംസുദ്ദീൻ, നഗരസഭ ക്ലീൻസിറ്റി മാനേജർ ജെ.എ. നുജും, ശുചിത്വമിഷൻ യങ് പ്രൊഫഷനൽ അനീസ് പുതുശ്ശേരി, സ്‌കൂൾ പ്രിൻസിപ്പൽ രശ്മി, പി.ടി.എ പ്രസിഡന്റ് മുട്ടാറ സലീം തുടങ്ങിയവർ സംബന്ധിച്ചു. പരിപാടിയോടനുബന്ധിച്ച് നെല്ലിക്കുത്ത് ബസ് സ്റ്റോപ്പ് വൃത്തിയാക്കി ചിത്രരചന നടത്തി. വിദ്യാർഥികളുടെ നേതൃത്വത്തിൽ തെരുവുനാടകവും സംഘടിപ്പിച്ചു.