
തിരൂരങ്ങാടി: തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ സർക്കാർ ഉദ്യോഗസ്ഥനല്ലാത്തയാൾ ജോലി ചെയ്ത സംഭവത്തിൽ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൽ ഇൻസ്‌പെക്ടർക്ക് സസ്‌പെൻഷൻ. തിരൂരങ്ങാടി എ.എം.വി.ഐ പി.ബോണിയെയാണ് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറിന്റെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ ട്രാൻസ്പോർട്ട് കമ്മിഷണർ സസ്പെൻഡ് ചെയ്തത്. താനൂർ സ്വദേശി സുജീഷ് കുമാറാണ് 13 വർഷം വ്യാജമായി ഇവിടെ ജോലി ചെയ്തത്.
ഇയാൾ ഉദ്യോഗസ്ഥരുടെ ഐ.ഡിയും പാസ‌്‌വേർഡും ഉപയോഗിച്ച് വരെ പ്രവൃത്തികൾ നടത്തിയിരുന്നു.
യുവജനസംഘടനകളിൽ നിന്ന് പരാതി ഉയർന്നതോടെ മോട്ടോർ വാഹന വകുപ്പിന്റെ ഉന്നതഉദ്യോഗസ്ഥർ തിരൂരങ്ങാടി ജോയിന്റ് ആർ.ടി ഓഫീസിൽ പരിശോധന നടത്തുകയും റിപ്പോർട്ട് തേടുകയും ചെയ്തിരുന്നു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർക്കും ഒപ്പമിരുന്നാണ് ഇയാൾ ഔദ്യോഗിക കൃത്യങ്ങൾ നിർവഹിച്ചിരുന്നത്. ഇതിനായി ആർ.ടി.ഒയുടെ കമ്പ്യൂട്ടറും പാസ് വേർഡും ഉപയോഗിച്ചു. സുജീഷ് കുമാറിനെതിരെ നിയമനടപടികൾ എടുത്തിട്ടില്ലെന്നും പരാതി ഉയരുന്നുണ്ട്. ഏജന്റുമാരുടെ ബിനാമിയായാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. ഏജന്റുമാരും ഉദ്യോഗസ്ഥരുമാണ് ഇയാൾക്ക് ശമ്പളം നൽകിയിരുന്നത്. തിരൂരങ്ങാടി മോട്ടോർ വാഹന ഓഫീസിൽ ഡ്രൈവിംഗ് സ്കൂളുകളുടെയും ഏജന്റുമാരുടെയും ഭരണമാണ് നടക്കുന്നതെന്ന് വർഷങ്ങളായി ആരോപണമുണ്ട്.