samastha

മലപ്പുറം: തട്ടമിടാത്ത സ്ത്രീകൾ അഴിഞ്ഞാട്ടക്കാരികളാണെന്ന ചാനൽ ചർച്ചയിലെ പരാമർശത്തിൽ സമസ്ത സെക്രട്ടറി മുക്കം ഉമർ ഫൈസിക്കെതിരെ പൊലീസ് ജാമ്യമില്ലാ കേസെടുത്തത് സമസ്തയിലെ സി.പി.എം അനുകൂലികളെ ഒതുക്കാനുള്ള ആയുധമാക്കാൻ മുസ്‌ലിം ലീഗ്. മുസ്‌ലിം ലീഗ് വിമർശകരിൽ മുൻനിരക്കാരനും സി.പി.എമ്മിന്റെ പാലസ്തീൻ റാലിയിൽ സമസ്തയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും ചെയ്ത ഉമർ ഫൈസിക്കെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയതോടെ സമസ്തയിലെ സി.പി.എം അനുകൂലികൾ പ്രതിരോധത്തിലാണ്. സി.പി.എം സ്നേഹം കാപട്യമാണെന്നും ന്യൂനപക്ഷ വോട്ടിൽ വിള്ളലുണ്ടാക്കാൻ ലക്ഷ്യമിട്ടുള്ള കെണിയിൽ വീഴരുതെന്നുമുള്ള ലീഗിന്റെ മുന്നറിയിപ്പ് സമസ്തയ്ക്കകത്ത് ചർച്ചയായിട്ടുണ്ട്. ലീഗ് സംസ്ഥാന അദ്ധ്യക്ഷൻ സാദിഖലി തങ്ങൾ പ്രസിഡന്റായ പട്ടിക്കാട് ജാമിഅ നൂരിയ്യ കോളേജിലെ സനദ് ദാന സമ്മേളനത്തിൽ നിന്ന് ലീഗിനെ വിമർശിക്കുന്ന സമസ്ത നേതാക്കളെ പുറത്താക്കിയെന്ന ആരോപണം ഇരുസംഘടനകൾക്കുമിടയിൽ പുതിയ തർക്കത്തിന് വഴിയൊരുക്കുന്നതിനിടെയാണ് ഈ കേസ്. ഉമർ ഫൈസിയേയും പരിപാടിയിലേക്ക് ക്ഷണിച്ചിരുന്നില്ല. കേസിന്റെ തുടർനടപടികളിലേക്ക് കടക്കുമ്പോൾ ഉമ‌‌ർഫൈസിയെ പിന്തുണച്ച് ലീഗ് രംഗത്തിറങ്ങും. സമസ്തയ്ക്കൊപ്പം ലീഗേ ഉണ്ടാവൂ എന്ന സന്ദേശം നൽകാനാവുമെന്നും ലീഗ് കണക്കുകൂട്ടുന്നു.

മതനിയമങ്ങളെ കുറിച്ചാണ് ഉമർ ഫൈസി പറഞ്ഞതെന്നും കേസെടുത്തതിൽ സ‌ർക്കാരിനെ പ്രതിഷേധമറിയിക്കാനുമാണ് സമസ്തയുടെ തീരുമാനം. സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സമസ്തയ്ക്ക് കീഴിലെ സുന്നി മഹല്ല് ഫെഡറേഷനും രംഗത്തുവന്നിട്ടുണ്ട്. നിസ അദ്ധ്യക്ഷയും സാമൂഹികപ്രവർത്തകയുമായ വി.പി.സുഹ്റയുടെ പരാതിയിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് ഉമർഫൈസിക്കെതിരെ കേസെടുത്തത്.