
വണ്ടൂർ: വടപുറം-പട്ടിക്കാട് സംസ്ഥാനപാതയുടെ വണ്ടൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ചെമ്മരം മുതൽ കാക്കത്തോട് പാലം വരെയുള്ള ഭാഗങ്ങളിലെ സിഗ്നൽ ബോർഡുകൾ കഴുകി വൃത്തിയാക്കി വണ്ടൂർ ട്രോമാകെയർ യൂണിറ്റിന്റെ മാതൃക. സ്റ്റേഷൻ യൂണിറ്റിലെ 25 അംഗങ്ങളാണ് ബോർഡുകൾ കഴുകി വൃത്തിയാക്കിയത്. ഡ്രൈവർമാർക്ക്, ദൂരേ കാഴ്ച മറച്ചിരുന്ന വളവുകളിലും മറ്റ് ഇടങ്ങളിലെയും മരത്തിന്റെ ചില്ലകളും കുറ്റികാടുകളും വെട്ടിമാറ്റി. മണ്ഡല കാലമായതിനാൽ ഇതരസംസ്ഥാനങ്ങളിൽ നിന്നടക്കം വരുന്ന യാത്രക്കാർ ആശ്രയിക്കുന്ന ദൂരം ദിശബോർഡുകൾ എന്നിവ പൊടിപടലങ്ങൾ മൂടിയത് മൂലം വായിക്കാൻ പറ്റാത്ത അവസ്ഥയിലായിരുന്നു കിടന്നിരുന്നത്.
വരും ദിവസങ്ങളിൽ കറുത്തേനി മുതൽ ചെള്ളിത്തോട് പാലം വരെയുള്ള ഭാഗങ്ങളിലെ ട്രാഫിക് ബോർഡുകൾ വൃത്തിയാക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രവർത്തനങ്ങൾക്ക് ട്രോമാകെയർ ജില്ലാ ജോയിന്റ് സെക്രട്ടറി കെ.അഷ്റഫ്, സ്റ്റേഷൻ യൂണിറ്റ് പ്രസിഡന്റ് ഇ. രാജൻ, സ്റ്റേഷൻ യൂണിറ്റ് സെക്രട്ടറി പി.ഉണ്ണികൃഷ്ണൻ, സ്റ്റേഷൻ യൂണിറ്റ് ഡെപ്യൂട്ടി ലീഡർ കെ.നൗഷാദ് തുടങ്ങിയവർ നേതൃത്വം നൽകി