v

മലപ്പുറം: ന്യൂന മർദ്ദ പാത്തിയെ തുടർന്ന് ജില്ലയിൽ ജനുവരി ഒന്ന് മുതൽ ആറ് വരെ പെയ്തത് പ്രതീക്ഷിച്ചതിന്റെ അഞ്ചിരട്ടി മഴ. ഇക്കാലയളവിൽ 0.5 മില്ലീമീറ്റർ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് കണക്കുകൂട്ടിയിരുന്നത്. ഇതു മറികടന്ന് 27.7 മില്ലീമീറ്റർ മഴയോടെ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും കൂടുതൽ മഴ ലഭിച്ച പുതുവർഷാരംഭം കൂടിയായി ഇത്തവണ. സംസ്ഥാനത്ത് തിരുവനന്തപുരം ഒഴികെ മറ്റ് ജില്ലകളിലെല്ലാം ഇക്കാലയളവിൽ അധിക മഴ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് 5.2 മില്ലീ മീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 0.7ഉും. മഴയിൽ 96 ശതമാനത്തിന്റെ കുറവ്. ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കണ്ണൂരിലാണ്. 0.2 മില്ലീ മീറ്ററിന്റെ സ്ഥാനത്ത് 39.4 മില്ലീമീറ്റർ മഴ ലഭിച്ചു. മഴയില്ലാ ദിനം ജില്ലയിൽ ഇന്നലെ നേരിയ മഴ ഉണ്ടാവുമെന്ന് അറിയിച്ചിരുന്നെങ്കിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പൊന്നാനി, നിലമ്പൂർ, മഞ്ചേരി, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ, കരിപ്പൂർ മഴ മാപിനികളിലൊന്നും മഴ രേഖപ്പെടുത്തിയിട്ടില്ല. അടുത്ത അഞ്ച് ദിവസത്തേക്ക് ജില്ലയിൽ മഴ മുന്നറിയിപ്പുകളില്ല. ഇന്ന് എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴ മാറി നിന്നതോടെ ജില്ലയിൽ ചൂടും കൂടി. കരിപ്പൂരിൽ ഇന്നലെ 30 ഡിഗ്രി സെൽഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്. തിരിച്ചടി നെൽകർഷകർക്ക് അപ്രതീക്ഷിത മഴയിൽ കൊയ്ത്തിന് പാകമായ 50 ഏക്കറോളം നെൽകൃഷി വിവിധയിടങ്ങളിൽ വെള്ളം കയറി നശിച്ചിട്ടുണ്ട്. കണക്കുകൾ കൃഷി വകുപ്പ് മുഖേന ക്രോഡീകരിച്ച് വരുന്നേയുള്ളൂ എന്നതിനാൽ നാശനഷ്ടതോത് ഉയരാനാണ് സാദ്ധ്യത. പള്ളിക്കൽ പുത്തൂർ പാടശേഖരത്തിൽ മാത്രം ഏഴ് ഏക്കറോളം നെൽ കൃഷി നശിച്ചിട്ടുണ്ട്. കറ്റ മെതിച്ച് പാടത്ത് തന്നെ നെല്ല് കൂട്ടിയിട്ട കർഷകർ മഴ പെയ്തതോടെ നെല്ല് മുളച്ച് നശിക്കുമോയെന്ന ആധിയിലാണ്.