
മലപ്പുറം: ജില്ലയിൽ 10 ദിവസത്തിനിടെ അമ്പതോളം പേർക്ക് തെരുവുനായയുടെ കടിയേറ്റിട്ടും നായ്ക്കൾക്കുള്ള പേ വിഷബാധ പ്രതിരോധ കുത്തിവയ്പ്പ് എങ്ങുമെത്തിയിട്ടില്ല. പുളിക്കൽ, ചെറുകാവ് പഞ്ചായത്തുകളിൽ തെരുവുനായ 13 പേരെ ആക്രമിച്ചതിന് പിന്നാലെ ചെറുകാവിൽ 60ഓളം തെരുവുനായകളെ പിടികൂടി വാക്സിനേഷൻ നൽകിയിരുന്നു. പലപ്പോഴും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുമ്പോഴാണ് വാക്സിനേഷന് അധികൃതർ നടപടിയെടുക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ സെപ്തംബറിൽ ഒരുമാസം നീണ്ടുനിന്ന പ്രതിരോധ കുത്തിവയ്പ്പ് കാമ്പെയിൻ നടത്തിയിരുന്നെങ്കിലും വേണ്ടത്ര വിജയിച്ചില്ല. കാമ്പെയിൻ കാലാവധിക്ക് ശേഷവും കുത്തിവയ്പ്പുമായി മുന്നോട്ടുപോവാമെങ്കിലും തദ്ദേശ സ്ഥാപനങ്ങൾ താത്പര്യം കാണിക്കുന്നില്ല. കുത്തിവയ്പ്പിനുള്ള ചെലവ് തദ്ദേശ സ്ഥാപനങ്ങൾ വഹിക്കണം.
2,900 വളർത്തുനായ്ക്കൾക്കും 1,850 പൂച്ചകൾക്കും മാത്രമാണ് പേ വിഷ പ്രതിരോധ വാക്സിൻ നൽകിയിട്ടുള്ളത്. വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പിന് ശേഷം വാക്സിനേഷൻ സർട്ടിഫിക്കറ്റ് മൃഗാശുപത്രിയിൽ നിന്ന് നൽകും. ഇതിന്റെ അടിസ്ഥാനത്തിലേ ഉടമസ്ഥർക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്ന് ലൈസൻസ് ലഭിക്കൂ.