
മലപ്പുറം: ഭൂമി സംബന്ധമായ വിവരങ്ങൾ കൃത്യവും സുതാര്യവുമാക്കുന്ന ഡിജിറ്റൽ ഭൂസർവേ ജില്ലയിലെ 10 വില്ലേജുകളിലേക്ക് കൂടി വ്യാപിപ്പിക്കും. എടക്കര, അകമ്പാടം, പാണക്കാട്, തിരൂരങ്ങാടി വില്ലേജുകളിലാവും ആദ്യം സർവേ നടത്തുക. ശേഷം മറ്റ് ആറ് വില്ലേജുകളെ കൂടി തിരഞ്ഞെടുക്കും. ജില്ലയിൽ 18 വില്ലേജുകളിൽ ഒന്നാംഘട്ട ഡിജിറ്റൽ ഭൂസർവേ പൂർത്തിയായിട്ടുണ്ട്. മൂന്നെണ്ണത്തിലൊഴികെ മറ്റിടങ്ങളിലെല്ലാം ഉടമസ്ഥരുടെ പരാതികൾ തീർപ്പാക്കി ചട്ടം 9(2) പ്രസിദ്ധീകരിച്ചു
. ചെറിയമുണ്ടം, മലപ്പുറം, കുരുവമ്പലം വില്ലേജുകളിൽ പൊതുജനങ്ങളുടെ പരാതികൾ തീർപ്പാക്കാനുണ്ട്. മാർച്ച് 31നകം ഇതു തീർപ്പാക്കാൻ സർവേ ഡയറക്ടർ ജില്ലാതല ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2022 നവംബറിലാണ് ജില്ലയിൽ ഡിജിറ്റൽ ഭൂ സർവേ ആരംഭിച്ചത്. ജില്ലയിൽ 137 വില്ലേജുകളിൽ പതിനെട്ടിടത്താണ് ആദ്യഘട്ട സർവേ പൂർത്തിയാക്കിയത്.ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് വില്ലേജുകളിൽ ഭൂസർവേ നടത്തുന്നത്. നേരത്തെ ജീവനക്കാരുടെ കുറവ് സർവേ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചിരുന്നെങ്കിലും സർവേയർമാരെയും ഹെൽപ്പർമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിച്ചിട്ടുണ്ട്. ഇവർക്ക് കൃത്യമായ പരിശീലനമേകാത്തതും തുടക്കത്തിൽ തിരിച്ചടിയായി. ഇഴഞ്ഞ് നീങ്ങിയ സർവേ നടപടികൾ കഴിഞ്ഞ വർഷം പകുതിയോടെയാണ് വേഗത്തിലാക്കിയത്. ആദ്യ മൂന്ന് വർഷത്തിനകം 400 വില്ലേജുകളിലും നാലാം വർഷം 1,550 വില്ലേജുകളിലും ഡിജിറ്റൽ സർവേ പൂർത്തിയാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. ഓരോ വില്ലേജുകളിലേയും സർക്കാർ ഭൂമി തിട്ടപ്പെടുത്തിയ ശേഷമാണ് മറ്റ് ഭൂമികളിൽ സർവേ ചെയ്യുന്നത്.