
തിരൂർ: എറണാകുളത്ത് നിന്ന് ഡൽഹി നിസാമുദീനിലേക്ക് പോവുകയായിരുന്ന മംഗള എക്സ് പ്രസിൽ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. വൈകിട്ട് നാലരയോടെ തിരൂർ റെയിൽവേ സ്റ്റേഷന് സമീപം തൃക്കണ്ടിയൂർ വിഷുപ്പാടത്താണ് സംഭവം. പുക കണ്ട് നാട്ടുകാർ ബഹളം വയ്ക്കുകയായിരുന്നു.
പരിഭ്രാന്തരായ യാത്രക്കാരും ബഹളം വച്ചതോടെ ട്രെയിൻ നിറുത്തി. റെയിൽവേ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഒരു ബോഗിയുടെ ബ്രേക്കർ ജാമായതാണ് പുകയുയരാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തിരൂർ പൊലീസും പരിശോധിച്ചു. അട്ടിമറി ശ്രമം നടന്നോയെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാരുടെ സഹായത്തോടെയാണ് പുകയണച്ചത്. ബ്രേക്കർ ശരിയാക്കിയശേഷം യാത്ര തുടർന്നു.