
മലപ്പുറം: മലപ്പുറം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കം ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണ നടപടികൾ ത്വരിതപ്പെടുത്തുമെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ പി.ഉബൈദുള്ള എം.എൽ.എക്ക് ഉറപ്പു നൽകി. സെക്രട്ടറിയേറ്റിൽ മന്ത്രിയുടെ ചേമ്പറിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.നിർമ്മാണം അനന്തമായി നീണ്ടു പോകുന്ന വിഷയം തന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്നും നടപടികൾ അവലോകനം ചെയ്യുന്നതിനായി വരുന്ന നിയമസഭാ കാലയളവിൽ ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു. നിലവിലുള്ള സ്ഥിതിഗതികൾ ആരായാൻ മന്ത്രി കെ.എസ്.ആർ.ടി.സി. ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു.ബജറ്റിൽ പ്രഥമ പരിഗണന നൽകി ഫണ്ട് വകയിരുത്തുവാൻ സർക്കാരിൽ സമ്മർദ്ദം ചെലുത്തുമെന്നും പി.ഉബൈദുള്ള എം.എൽ.എ അറിയിച്ചു.