
മലപ്പുറം: അറുപതുകളിൽ ഇടതുപക്ഷത്തിന്റെ ഭാഗമായി മുസ്‌ലിംലീഗ് സഹകരിച്ച് പ്രവർത്തിച്ചിരുന്നെന്നും അന്നതിനെ റാവൽപിണ്ടി അച്ചുതണ്ടെന്ന് ആക്ഷേപിച്ചത് ആരായിരുന്നു എന്നത് ഓർക്കുന്നത് നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ അവരെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിക്കുന്നില്ല. ചരിത്ര വസ്തുത ഓർക്കേണ്ടതുണ്ട് എന്നതിനാൽ പറഞ്ഞെന്ന് മാത്രം. ആ രീതിയിൽ പറയുമ്പോൾ പലർക്കും വിഷമമുണ്ടാവാൻ സാദ്ധ്യതയുണ്ട്.
ദേശാഭിമാനി പ്രസിദ്ധീകരിക്കുന്ന 'മലപ്പുറം: മിഥ്യയും യാഥാർത്ഥ്യവും, ബഹുസ്വര സാംസ്കാരിക പഠനങ്ങൾ' എന്ന പുസ്തകം മുസ്‌ലിം ലീഗ് എം.എൽ.എ പി.ഉബൈദുള്ളയ്ക്ക് കൈമാറി പ്രകാശനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
മലപ്പുറത്തിന്റെ വികസനവും പിന്നാക്കാവസ്ഥയ്ക്ക് മാറ്റം വരുത്തുന്നതിനുമായി 1967ലെ ഇ.എം.എസ് മന്ത്രിസഭ മലപ്പുറം ജില്ലയ്ക്ക് രൂപം നൽകി. അന്ന് കൊച്ചു പാകിസ്ഥാൻ കേരളത്തിൽ രൂപീകൃതമായെന്ന് ആക്ഷേപിച്ചത് ആർ.എസ്.എസ് മാത്രമല്ല. ഇപ്പോഴത്തെ പ്രത്യേക കാരണങ്ങളാൽ അന്ന് ആക്ഷേപം ഉന്നയിച്ചവർക്ക് അക്കാര്യം അതേരീതിയിൽ പറയാൻ കഴിയില്ല. 1921ലെ മലബാർ കാർഷിക കലാപത്തെ മുസ്‌ലീങ്ങളുടെ ഹാലിളക്കമെന്നും മാപ്പിള കലാപമെന്നും മുദ്രയടിച്ചു. അതേവഴിക്ക് ഹിന്ദുത്വ വർഗീയ കക്ഷികളും ചേർന്നു. മലബാർ കളക്ടറായിരുന്ന വില്യം ലോഗന്റെ ലോഗൻസ് മാന്വവലിൽ, ജന്മിമാർക്ക് വിപുലമായ അധികാരവും ചൂഷണത്തിനുമുള്ള അവസരവും നൽകിയതിനെതിരായ കർഷകരുടെയും തൊഴിലാളികളുടെയും കലാപമായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
തങ്ങളെ അനുകൂലിക്കുന്ന ഭൂപ്രഭുക്കന്മാർക്ക് നൽകിയ അധികാരങ്ങൾ തിരിച്ചെടുത്ത് ഭൂപരിഷ്ക്കരണം നടപ്പിലാക്കേണ്ടി വരുമെന്നതിനാൽ ലോഗന്റെ റിപ്പോർട്ട് ബ്രിട്ടീഷ് ഭരണകൂടം കണ്ടില്ലെന്ന് നടിച്ചു. പ്രക്ഷോഭത്തിൽ കൂടുതലും മുസ്‌ലീങ്ങളായിരുന്നു. സാമ്രാജ്യത്വ വിരുദ്ധ, രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള കർഷക കലാപമായിരുന്നു അത്. അക്കാര്യങ്ങൾ ചരിത്ര പശ്ചാത്തലത്തിൽ വിലയിരുത്തിയത് കമ്മ്യൂണിസ്റ്റ് പാർട്ടി മാത്രമായിരുന്നു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അദ്ധ്യക്ഷനായി.