d

അരലക്ഷത്തിന് മുകളിൽ ജനസംഖ്യയുള്ള മുഴുവൻ നഗരങ്ങളിലേക്കും റെയിൽ ഗതാഗതം ഉറപ്പുവരുത്താനുള്ള കേന്ദ്ര സർക്കാരിന്റെ പി.എം ഗതിശക്തി പദ്ധതിയിൽ രാജ്യത്തെ 55 നഗരങ്ങൾ ഇടംപിടിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് നാല് നഗരങ്ങളാണ് പരിഗണനാ പട്ടികയിലുള്ളത്. മലപ്പുറം, മഞ്ചേരി, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നിവ. ജനസംഖ്യ കൂടുതലുള്ള പ്രധാന നഗരങ്ങൾ നിലവിലുള്ള റെയിൽവേ ലൈനിൽ നിന്നോ സ്റ്റേഷനിൽ നിന്നോ അഞ്ച് കിലോമീറ്ററിലധികം ദൂരത്താണെങ്കിൽ പരിഗണിക്കാം എന്നതാണ് പുതിയ റെയിൽവേ ലൈനുകളുടെ കാര്യത്തിൽ കേന്ദ്ര നയം. റെയിൽവേ ലൈനുകളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം ഏറെ പ്രതീക്ഷയേകുന്നതാണ്. അതേസമയം,​ മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കെൽപ്പുള്ള നിലമ്പൂർ - നഞ്ചൻകോട് പദ്ധതി വർഷങ്ങളായി ചുവപ്പ് നാടയിൽ കുടുങ്ങിക്കിടക്കുമ്പോഴും കേന്ദ്ര - സംസ്ഥാന സർക്കാരുകളും റെയിവേ അധികൃതരും ശ്രദ്ധ പതിപ്പിക്കുന്നില്ല.

നിലമ്പൂർ നിന്ന് തുടങ്ങി വയനാടും പിന്നിട്ട് നഞ്ചൻഗോഡിൽ അവസാനിക്കുന്ന റെയിൽപാത പദ്ധതി വഴി കേരളത്തെയും കർണാടകയെയും എളുപ്പത്തിൽ ബന്ധിപ്പിക്കാനാവും. 3,500 കോടി ചെലവ് വരുന്ന പദ്ധതിക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക, ടൂറിസം, കാർഷിക മേഖലയിലടക്കം വലിയ മാറ്റം കൊണ്ടുവരാനാവും. കർണ്ണാടകയിൽ നിന്ന് ആയിരത്തിലേറെ ചരക്ക് വാഹനങ്ങളാണ് ഒരുദിവസം അതിർ‌ത്തി കടന്നെത്തുന്നത്. അഞ്ഞൂറോളം ബസുകൾ ബംഗളൂരുവിലേക്ക് മാത്രമുണ്ട്. സ്വകാര്യ വാഹനങ്ങൾ ഇതിന്റെ പലയിരട്ടി വരും. റെയിൽവേ വരുന്നതോടെ വയനാട്ടിലെ സുൽത്താൻ ബത്തേരിയിൽ നിന്ന് മൈസൂരുവിലേക്കുള്ള ദൂരം ഒരുമണിക്കൂറായി കുറയും. കച്ചവടം, ജോലി, വിദ്യാഭ്യാസ ആവശ്യാർത്ഥം നിരവധി മലയാളികളാണ് ബംഗളൂരു,​മൈസൂരു എന്നിവിടങ്ങളിലുള്ളത്. നാട്ടിലേക്കുള്ള യാത്രയ്ക്ക് ബസിനെ ആശ്രയിക്കുകയല്ലാതെ ഇവർക്ക് നിവൃത്തിയില്ല. ചരക്ക് കടത്ത് കൂലി അനുദിനം വർദ്ധിക്കുന്നതിനാൽ പച്ചക്കറി,​ പലചരക്ക് ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും രൂക്ഷമാണ്. താമരശ്ശേരി, നാടുകാണി ചുരം വഴിയുള്ള യാത്രാകുരുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതിനെല്ലാം പരിഹാരം കാണാൻ നിലമ്പൂർ - ന‍ഞ്ചൻകോട് റെയിൽപാതയ്ക്ക് സാധിക്കും.

ഇത് സുവർണ പാത

1881ലാണ് നിലമ്പൂ‌ർ - നഞ്ചൻഗോഡ് പാതയെ കുറിച്ചുള്ള ആദ്യപഠനം നടക്കുന്നത്. സുവർണ പാതയെന്നായിരുന്നു ബ്രിട്ടീഷുകാർ‌ ഇതിനെ വിശേഷിപ്പിച്ചിരുന്നത്. മലപ്പുറം, വയനാട് ജില്ലകളെ ബന്ധിപ്പിച്ച് കർണാടകയിലേക്ക് കടന്നു പോകുന്ന പാത യാത്രാ, ചരക്കു ഗതാഗതത്തിലും വലിയ മാറ്റങ്ങൾക്ക് സഹായകമാകുന്നതാണ്. നിരവധി സമരങ്ങളെ തുടർന്ന് 2016 ഫെബ്രുവരിയിൽ റെയിൽവേ ബഡ്ജറ്റിൽ നഞ്ചൻഗോഡ്- ബത്തേരി - നിലമ്പൂർ പാതയ്ക്ക് അനുമതി ലഭിക്കുന്നതും നിർമ്മാണം തുടങ്ങുന്നതിനായി പിങ്ക് ബുക്കിൽ ഉൾപ്പെടുന്നതും. ഈ പാത നിർമ്മിക്കാൻ കേന്ദ്രവും കേരളവും തമ്മിൽ സംയുക്ത കരാർ ഒപ്പിട്ടതിനെ തുടർന്ന് 2016 മേയ് 5ന് കേന്ദ്ര സർക്കാർ 30 സംയുക്ത പദ്ധതികളിൽ നിലമ്പൂർ - നഞ്ചൻഗോഡ് പാതയേയും ഉൾപ്പെടുത്തി. ഡി.എം.ആർ.സിയുടെ മുഖ്യ ഉപദേഷ്ടാവും റെയിൽവെയുടെ ഏകാംഗകമ്മീഷനുമായ ഇ. ശ്രീധരനെ പാതയെക്കുറിച്ച് പഠനം നടത്താൻ സംസ്ഥാന സർക്കാർ നിയോഗിച്ചു. പഠന റിപ്പോർട്ട് അനുസരിച്ച് 236 കിലോ മീറ്റർ എന്നതിന് പകരം 162 കിലോ മീറ്ററിൽ പാതയുടെ പണി തീർക്കാമെന്നും 6,000 കോടിക്ക് പകരം 3,500 കോടിയേ ചെലവു വരികയുള്ളൂ എന്നും കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ എന്ന സ്പെഷൽ പർപ്പസ് വെഹിക്കിൾ കമ്പനി രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ഈ കമ്പനിയുടെ 51 ശതമാനം ഓഹരി കേരളത്തിനും 49 ശതമാനം ഓഹരി കേന്ദ്രത്തിനും ആയിരിക്കുമെന്നും എം.ഡിയെ നിയമിക്കാനുള്ള അധികാരം കേരളത്തിനും കമ്പനിയുടെ ആസ്ഥാനം തിരുവനന്തപുരം ആയിരിക്കുമെന്നും തീരുമാനമെടുത്തു. ഇത് റെയിൽ അംഗീകരിക്കുകയും നിലമ്പൂർ- നഞ്ചൻകോട് പാതയെ പിങ്ക് ബുക്കിൽ ഉൾപ്പെടുത്തുകയും ചെയ്തു. ബഡ്ജറ്റിൽ പാതയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 5 കോടി രൂപ അനുവദിച്ചു. വിശദ പദ്ധതി രേഖ സമർപ്പിക്കാൻ ഡി.എം.ആർ.സിയെയും ഇ. ശ്രീധരനെയും ചുമതലപ്പെടുത്തുകയും പ്രാരംഭ ചെലവുകൾക്കായി 2 കോടി അനുവദിക്കാനും തീരുമാനിച്ചു. റെയിൽവേ ബോർഡ് യോഗം ഈ നടപടികൾക്ക് അംഗീകാരമേകി. 2017 ജനുവരി 9ന് ഇ.ശ്രീധരൻ കൽപ്പറ്റയിലെത്തി ജനപ്രതിനിധികളുടെ കൺവെൻഷൻ വിളിച്ചുചേർത്തു. അഞ്ച് വർഷം കൊണ്ട് പാതയുടെ നിർമ്മാണം പൂർത്തീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഏഴ് വർഷം പിന്നിട്ടിട്ടും പദ്ധതി എങ്ങുമെത്തിയിട്ടില്ല. സംസ്ഥാന-കേന്ദ്ര സർക്കാരുകൾ പദ്ധതിയോട് വേണ്ടത്ര താത്പര്യം പ്രകടിപ്പിക്കാതിരുന്നതും തിരിച്ചടിയായി. അടുത്തിടെ പാതയുടെ സർവേ നടപടികൾക്ക് ടെണ്ടർ നൽകിയിട്ടുണ്ട്. അലൈൻമെന്റ്, ട്രാഫിക് പഠനം, പാലങ്ങളുടെയും ടണലുകളുടെയും കണക്ക്, ഭൂമിയേറ്റെടുക്കൽ സംബന്ധിച്ച വിവരങ്ങൾ ലഭിച്ചാൽ മാത്രമേ കൃത്യമായ ചെലവ് കണക്കാക്കാനാവൂ.


ആരാണ് തടസ്സം

നിലമ്പൂർ - നഞ്ചൻകോട് പാത നിർമ്മിക്കുന്നതിന് ആരാണ് തടസ്സമെന്ന ചോദ്യത്തോട് പരസ്പരം പഴിചാരുകയാണ് കേരളവും കർണാടകയും. കർണാടകയുടെ വനത്തിലൂടെ റെയിൽപാത കൊണ്ടുപോവാൻ കർണ്ണാടക സർക്കാർ അനുവദിക്കാത്തതാണ് തടസ്സമെന്നായിരുന്നു കേരളത്തിന്റെ വാദം. എന്നാൽ ബന്ദിപ്പൂർ വനമേഖലയിൽ ടണൽ വഴിയുള്ള റെയിൽപാതയ്ക്ക് അനുമതി നൽകാമെന്ന് സമ്മതിച്ചിരുന്നെന്ന് കർണ്ണാടക സർക്കാരും വ്യക്തമാക്കുന്നു. പാതയ്ക്ക് പരിസ്ഥിതി അനുമതി നൽകേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിട്ടിയും ദേശീയ വന്യജീവി ബോർഡുമാണ്. കേരളവും കർണ്ണാടകയും ഒരുമിച്ചാൽ റെയിൽവേ വകുപ്പിന്റെ പിന്തുണയോടെ പരിസ്ഥിതി അനുമതി ലഭ്യമാക്കാനാവും. മലബാറിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതി യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സ‌ർക്കാർ മുന്നിട്ടിറങ്ങണമെന്ന ആവശ്യം ശക്തമാണ്.