
തിരൂരങ്ങാടി: നിര്‍മ്മാണം പൂര്‍ത്തിയായി ഉദ്ഘാടനം നടക്കും മുമ്പ് പാറയില്‍ ഭാഗത്ത് നിര്‍മ്മിച്ച തടയണയ്ക്ക് ചോര്‍ച്ച കണ്ടെത്തിയ സംഭവത്തില്‍ ജലവിഭവ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. കെ.പി.എ. മജീദ് എം.എല്‍.എയുടെ നിര്‍ദ്ദേശ പ്രകാരം ജലവിഭ വകുപ്പ് മെക്കാനിക്കല്‍ വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ബിജോയ് എറണാകുളത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്. കെ.പി. എ. മജീദ് എം.എല്‍.എ, മുന്‍മന്ത്രി പി.കെ. അബ്ദുറബ്ബ് ഉള്‍പ്പെടെയുള്ളവര്‍ ഉദ്യോഗസ്ഥര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ചു നല്‍കി.
കനം കുറവുള്ള പ്രത്യേക പ്ലാസ്റ്റിക് ഷട്ടറാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നതെന്ന് ഉദ്യോഗസ്ഥ സംഘം പറഞ്ഞു. ഇത് പദ്ധതിക്ക് യോജിച്ചതല്ല. കനം കൂടിയ ഷട്ടറുകളാണ് ഉപ്പുവെള്ളം കയറുന്നത് തടയാൻ വേണ്ടത്. റിപ്പോര്‍ട്ട് ഉടൻ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നല്‍കുമെന്നും സംഘം പറഞ്ഞു. സന്ദര്‍ശനത്തിന് ജലവിഭവ വകുപ്പ് മെക്കാനിക്കല്‍ വിഭാഗം പാലക്കാട്-മലമ്പുഴ ഓഫീസില്‍ നിന്നുള്ള എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ജെയിംസ്, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയര്‍ സ്റ്റീഫന്‍, അസി. എന്‍ജിനീയര്‍ മുഹമ്മദ് ഹാരിസ്, ചെറുകിട ജലവിഭവ വകുപ്പ് വിഭാഗം അസി.എക്‌സിക്യൂട്ടീവ് എൻജിനീയര്‍ ഷൈലി മോന്‍, ഓവര്‍സിയര്‍ അരുണ്‍ ബാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു
വയലിലെ വെള്ളം അമിതമായി കടലിലേക്ക് ഒഴുകുന്നതും വേലിയേറ്റ സമയത്ത് ഉപ്പുവെള്ളം വയലിലേക്ക് കയറുന്നത് തടയാനുമായാണ് 1.80 ലക്ഷം രൂപ ചെലവില്‍ തടയണ നിര്‍മ്മിച്ചത്. നേരത്തെ എല്ലാ വര്‍ഷവും മൂന്ന് ലക്ഷം രൂപ ചെലവില്‍ താത്കാലിക തടയണ നിര്‍മ്മിക്കാറാണ് പതിവ്. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.80 കോടി രൂപ അനുവദിച്ചാണ് പ്രവൃത്തി ആരംഭിച്ചത്. നിര്‍മ്മാണത്തിലെ അപാകതയും മേല്ലെപ്പോക്കും പദ്ധതി വൈകിപ്പിച്ചു.
കനം കൂടിയ സ്റ്റീലിന്റെ ഷട്ടര്‍ സ്ഥാപിച്ചാലേ ചോര്‍ച്ച തടയാനാകൂ. അതിന് വേണ്ട നടപടികളെടുക്കണം. ഇപ്പോള്‍ സ്ഥാപിച്ചിട്ടുള്ള ഫൈബര്‍ ഷീറ്റുകള്‍ക്കിടയില്‍ നല്ല ഗ്യാപ്പുണ്ട്. ഇത് റബര്‍ വച്ച് അടച്ചാലും ഷീറ്റ് ബലമില്ലാത്തതിനാല്‍ ലീക്ക് വരും.
കെ.പി.എ മജീദ് എം.എൽ.എ