
പൊന്നാനി : വിദ്യാർത്ഥികളടക്കം നിരവധി യാത്രക്കാരുടെ പ്രധാന ആശ്രയമായിരുന്ന പടിഞ്ഞാറേക്കര ജങ്കാർ സർവീസ് നിലച്ചിട്ട് ഒരു വർഷം. സർവീസ് നടത്തുന്നവർ നിരക്ക് വർദ്ധന ആവശ്യപ്പെട്ടത് നഗരസഭ നിരസിച്ചതിനെ തുടർന്നാണ് സർവീസ് നിറുത്തിവച്ചത്.
നഗരസഭയുടെ നേതൃത്വത്തിൽ പകരമായി ഏർപ്പെടുത്തിയ യാത്രാബോട്ടാണ് അഴിമുഖം പടിഞ്ഞാറേക്കര റൂട്ടിൽ സർവീസ് നടത്തുന്നത്. കഴിഞ്ഞ ദിവസം സുരക്ഷാപ്രശ്നങ്ങളെ തുടർന്ന്മാരിടൈം ബോർഡ് സർവീസ് നിറുത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിരുന്നു. അംഗീകൃത ലാസ്കർമാരില്ല, ഡ്രൈവർക്ക് മതിയായ രേഖകളില്ല, ലൈഫ് ജാക്കറ്റുകളില്ല തുടങ്ങിയ പ്രശ്നങ്ങളാണ് ചൂണ്ടിക്കാട്ടിയത്. പ്രശ്നങ്ങൾ പരിഹരിക്കുമെന്ന സത്യവാംഗ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് സർവീസ് ആരംഭിക്കാൻ അനുമതി ലഭിച്ചത്.ജങ്കാർ സർവ്വീസ് പുനരാരംഭിക്കാത്തതിൽ പ്രതിഷേധവുമായി കഴിഞ്ഞ നഗരസഭ കൗൺസിൽ യോഗത്തിൽ യു.ഡി.എഫ് അംഗങ്ങൾ രംഗത്തുവന്നിരുന്നു.
യാത്രയ്ക്ക് സുരക്ഷിതമായ സംവിധാനങ്ങളൊരുക്കണമെന്നും ജങ്കാർ സർവീസ് ഉടൻ ആരംഭിക്കാൻ നഗരസഭ നടപടിയെടുക്കണമെന്നുമായിരുന്നു ജനപ്രതിനിധികളുടെ ആവശ്യം.