മലപ്പുറം: മഞ്ചേരി ആകാശവാണിയിൽ പരിപാടികളുടെ സംപ്രേക്ഷണം പ്രതിസന്ധിയിൽ. ജീവനക്കാരുടെ കുറവ് മൂലം തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള പരിപാടികൾ പുനഃസംപ്രേക്ഷണം ചെയ്യേണ്ട അവസ്ഥയാണ്. പ്രോഗ്രാം വിഭാഗത്തിൽ ആറ് പേർ വേണ്ടിടത്ത് നിലവിലുള്ളത് രണ്ട് പേർ മാത്രം. 2006ൽ മഞ്ചേരി നിലയം ആരംഭിച്ചപ്പോൾ വൈകിട്ട് നാല് മുതൽ 10 വരെയായിരുന്നു പ്രക്ഷേപണം. അന്ന് രണ്ട് പേരായിരുന്നു പ്രോഗ്രാം വിഭാഗത്തിൽ ജോലിചെയ്തിരുന്നത്. എന്നാൽ, 2017ൽ രാവിലെ 5.50 മുതൽ രാത്രി 11.15വരെയാക്കി പ്രക്ഷേപണ സമയം പുനഃക്രമീകരിച്ചു. ആ സമയത്ത് ആറ് പേർ പ്രോഗ്രാം വിഭാഗത്തിൽ ജോലി ചെയ്തിരുന്നു. 2020 മുതൽ ഓരോ വർഷവും ഓരോരുത്തരായി ജോലിയിൽ നിന്ന് വിരമിച്ചു. എന്നാൽ, വിരമിക്കുന്നവരുടെ സ്ഥാനത്ത് പുതിയ നിയമനങ്ങൾ നടന്നില്ല. അവസാനമായി നിയമനം നടന്നത് പത്ത് വർഷം മുമ്പാണ്. നേരത്തെ ട്രാൻസ്ഫർ വഴി ഉദ്യോഗസ്ഥർ മഞ്ചേരി നിലയത്തിലെത്തിയിരുന്നു. എന്നാൽ, നിയമനം നടക്കാത്തതിനാൽ മിക്ക ആകാശവാണി നിലയങ്ങളിലും ജീവനക്കാരുടെ അഭാവം നേരിടുന്നതിനാൽ ട്രാൻസ്ഫർ വഴിയും ആളെത്താതെയായി.
കഴിഞ്ഞ വർഷം ആഗസ്റ്റിൽ ഇവിടെ കൂടുതൽ പ്രോഗ്രാം ജീവനക്കാരെ നിയമിക്കാൻ ഇടപെടണമെന്ന് ആവശ്യപ്പെട്ട് അഖില കേരള റേഡിയോ ലിസണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ഇ.ടി.മുഹമ്മദ് ബഷീർ എം.പിക്ക് നിവേദനം നൽകിയിരുന്നു.
സ്വന്തം പരിപാടികൾ കുറയും
ജീവനക്കാരുടെ അഭാവം കാരണം പല പരിപാടികളും പുനഃസംപ്രേക്ഷണം ചെയ്യേണ്ട അവസ്ഥയായി. വൈകിട്ട് 5.15മുതൽ 11.15 വരെയുള്ള പരിപാടികൾ തിരുവനന്തപുരം നിലയത്തിൽ നിന്നുള്ള റിലേ പരിപാടികളാക്കിയിട്ടുണ്ട്. വാർത്താ ബുള്ളറ്റിൻ, നോവൽ പാരായണം, പ്രഭാത ഗീതം. ചിത്രമഞ്ജരി, മഴവില്ല്, തീവണ്ടി സമയം, സൈബർ ജാലകം, തൊഴിലവസര വാർത്ത, ഹലോ യൂത്ത്, ആരോഗ്യജാലകം, ആയുരാരോഗ്യം, സേവന വാർത്ത, വിദ്യാഭ്യാസ വാർത്ത തുടങ്ങി നിരവധി പരിപാടികളാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഈ പരിപാടികളുടെ മുഴുവൻ നടത്തിപ്പ് ചുമതലയും നിർവഹിക്കേണ്ടത് ആകെയുള്ള രണ്ട് പ്രോഗ്രാം ജീവനക്കാരാണ്.