
മലപ്പുറം: ജില്ലയിൽ തെരുവുനായ വന്ധ്യംകരണ കേന്ദ്രം (എ.ബി.സി) ആരംഭിക്കാൻ മഞ്ചേരി നഗരസഭയിലെ ഉപയോഗശൂന്യമായി കിടക്കുന്ന നാലര ഏക്കർ ഭൂമി വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സമർപ്പിച്ച കത്തിൽ മാസങ്ങളായിട്ടും നടപടിയെടുക്കാതെ റവന്യൂ വകുപ്പ്. പദ്ധതിക്കായി ഒരു കോടി ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കേ ഈ തുക ചെലവഴിക്കാനാവാത്ത സ്ഥിതിയാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഓരോ വർഷവും 75 ലക്ഷം മുതൽ ഒരുകോടി രൂപ വരെ ചെലവ് വരും. ഇതിനായി നിശ്ചിത ഫണ്ട് നീക്കിവയ്ക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാരിന്റെ അനുമതിയുമുണ്ട്. സ്ഥലം സംബന്ധിച്ച അനിശ്ചിതത്വമാണ് ജില്ലയിൽ പദ്ധതി ഇഴയാൻ കാരണം.
നാല് ബ്ലോക്ക് പഞ്ചായത്തുകളിലും ഒരു നഗരസഭ പരിധിയിലും എ.ബി.സി കേന്ദ്രം തുടങ്ങാൻ 2022 ഒക്ടോബറിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ.റഫീഖയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചിരുന്നു. തദ്ദേശ സ്ഥാപനങ്ങളോട് സ്ഥലം കണ്ടെത്താൻ നിർദ്ദേശിച്ചെങ്കിലും മങ്കട ബ്ലോക്ക് പഞ്ചായത്ത് മാത്രമാണ് തുടർനടപടിയെടുത്തത്. മറ്റ് തദ്ദേശസ്ഥാപനങ്ങൾ ഇതുവരെയും അനുകൂലമായി പ്രതികരിച്ചിട്ടില്ല.
എവിടെ തിരൂരിലെ സ്ഥലം
ഏറ്റവും ഒടുവിൽ തിരൂരിൽ സ്ഥലം കണ്ടുവച്ചിട്ടുണ്ടെന്നും ഉടൻ പരിശോധന നടത്തുമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചിട്ട് നാല് മാസം പിന്നിട്ടിട്ടും നടപടി എങ്ങുമെത്തിയിട്ടില്ല. ചുരുങ്ങിയത് 50 സെന്റ് സ്ഥലമെങ്കിലും വേണം. മങ്കട കടന്നമണ്ണ മൃഗാശുപത്രിക്ക് സമീപം സ്ഥലം കണ്ടെത്തിയിരുന്നെങ്കിലും ഇത് 42 സെന്റേയുള്ളൂ. ജനവാസ മേഖല കൂടി ആയതിനാൽ ഇവിടെ പദ്ധതി തുടങ്ങുമ്പോൾ നേരിടേണ്ടി വന്നേക്കാവുന്ന പ്രതിഷേധങ്ങൾ പരിഗണിച്ച് സ്ഥലം ഒഴിവാക്കി. 
തെരുവുനായകളുടെ അനിയന്ത്രിതമായ പ്രജനനം തടയുന്നതിനായി 2016ലാണ് തദ്ദേശസ്ഥാപനങ്ങൾ മുഖേന അനിമൽ ബർത്ത് കൺട്രോൾ (എ.ബി.സി) പദ്ധതിക്ക് തുടക്കമിട്ടത്. മൃഗസംരക്ഷണ വകുപ്പിന്റെ കണക്കുപ്രകാരം ജില്ലയിൽ 18,350 തെരുവുനായകളുണ്ട്.  2016ൽ കുടുംബശ്രീക്കായിരുന്നു തെരുവുനായകളെ വന്ധ്യംകരിക്കാനുള്ള ചുമതല നൽകിയിരുന്നത്. വൈദഗ്ദ്ധ്യമുള്ളവരെ നിയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി 2021ൽ ഹൈക്കോടതി കുടുബശ്രീയെ വിലക്കി. ജില്ലയിൽ ഒരുമാസം ശരാശരി 150നും 200നും ഇടയിൽ പേർ തെരുവുനായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്നുണ്ട്. 
ജില്ലയിൽ റവന്യൂ വകുപ്പിന് കീഴിൽ എ.ബി.സി പദ്ധതിക്ക് അനുയോജ്യമായ നിരവധി സ്ഥലങ്ങളുണ്ട്. ഇവ ലഭ്യമായാലേ വന്ധ്യംകരണ കേന്ദ്രം നിർമ്മിക്കാനാവൂ
എം.കെ.റഫീഖ
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
സ്ഥലം അനുവദിക്കുന്നതിന് ഏറെ നടപടിക്രമങ്ങളുണ്ട്. ഇതു സംബന്ധിച്ച പരിശോധനകളിലാണ്.
റവന്യൂ അധികൃതർ