fire

നിലമ്പൂർ: നിലമ്പൂർ നഗരസഭ സംഘടിപ്പിച്ച പാട്ടുത്സവത്തിൽ ഫയർ ഡാൻസിനിടെ തീപടർന്ന് യുവാവിന് പൊള്ളലേറ്റു. തമ്പോളം ഡാൻസ് ടീമിലെ സജിക്കാണ് (29) ഫയർ ഡാൻസ് അവതരിപ്പിക്കുന്നതിനിടെ ഞായറാഴ്ച പൊള്ളലേറ്റത്. വായിലേക്ക് മണ്ണെണ്ണ ഒഴിച്ച് ഉയർത്തിപ്പിടിച്ച് തീയിലേക്ക് തുപ്പുന്നതിനിടെ തീ ആളിപ്പടരുകയായിരുന്നു. ഉടൻ വേദിയിലുണ്ടായിരുന്നവരും കാണികളും ഓടിയെത്തി തീയണച്ചു. സജിയുടെ മുഖത്തും ദേഹത്തുമാണ് സാരമായി പൊള്ളലേറ്റത്. നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ച ശേഷം വിദഗ്ദ്ധ ചികിത്സയ്ക്കായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. നിലമ്പൂർ നഗരസഭയും വ്യാപാരികളും സംഘടിപ്പിച്ച പാട്ടുത്സവം കാണാനായി നിരവധി പേരാണ് എത്തിയിരുന്നത്. രാത്രി 10 വരെ മാത്രമായിരുന്നു പരിപാടി അവതരിപ്പിക്കാൻ പൊലീസ് അനുവദിച്ചത്. എന്നാൽ, 10.50നാണ് സംഭവം നടന്നത്. ഇത്തരം ഫെസ്റ്റിവൽ നടക്കുമ്പോൾ സ്വീകരിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇവിടെ ഒരുക്കിയിരുന്നില്ലെന്നും ഫയർഫോഴ്സ് സൗകര്യം ഏർപ്പെടുത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു. ഫയർ ഡാൻസ് സംഘാടകരുടെ അനുമതിയില്ലാതെ അവതരിപ്പിച്ചതാണെന്ന് സംഘാടക സമിതി ജനറൽ കൺവീനർ വിനോദ് പി.മേനോൻ പറഞ്ഞു.