s

പൊന്നാനി: മാതൃശിശു ആശുപത്രിയിൽ ആത്മഹത്യാ കുറിപ്പെഴുതി സമരം നടത്തിയ വിഷയത്തിൽ പൊന്നാനി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളം. തുടർന്ന് രണ്ട് യു.ഡി.എഫ് കൗൺസിലർമാർക്ക് സസ്‌പെൻഷൻ.

പൊന്നാനി മാതൃശിശു ആശുപത്രിയിൽ വിവിധ ജോലികൾ ചെയ്തിട്ടും പണം ലഭിക്കാത്തതിനാൽ ആശുപത്രിക്ക് മുന്നിൽ ആത്മഹത്യാകുറിപ്പെഴുതി സമരം നടത്തിയ യുവാവിന്റെ വിഷയം അടിയന്തിര പ്രാധാന്യത്തോടെ ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം. അജൻഡകൾ വായിക്കുന്നതിന് മുമ്പ് വിഷയം ചർച്ച ചെയ്യണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ കൗൺസിൽ അജൻഡകൾ ചർച്ച ചെയ്തതിന് ശേഷം വിഷയം ചർച്ചക്കെടുക്കാമെന്ന് നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം മറുപടി നൽകി.തുടർന്നായിരുന്നു ബഹളം കൗൺസിലർ ഡയസിനടുത്തെത്തി ബഹളം വച്ചതോടെ കൗൺസിലർമാരായ ഫർഹാൻ ബിയ്യം, റാഷിദ് നാലകത്ത് എന്നിവരെ സസ്‌പെൻഡ് ചെയ്തതായി ചെയർമാൻ അറിയിച്ചു. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസിലർമാർ ചെയർമാന്റെ ഡയസിന് സമീപം കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഏറെ നേരത്തെ പ്രതിഷേധത്തിനൊടുവിൽ യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്‌കരിച്ചു. തുടർന്ന് കൗൺസിൽ യോഗം പുനരാരംഭിച്ചു.


കൗൺസിൽ അജൻഡകൾ വായിച്ച് കഴിഞ്ഞാലുടൻ വിഷയം ചർച്ച ചെയ്യാമെന്ന് പറഞ്ഞിട്ടും അനുസരിക്കാതെ ബഹളം വയ്ക്കുകയായിരുന്നു. കൗൺസിൽ യോഗ നടപടികൾ തടസപ്പെടുത്തുകയും ചെയ്തു. അതിനാലാണ് സസ്‌പെന്റ് ചെയ്തത്. ശിവദാസ് ആറ്റുപുറം

നഗരസഭ ചെയർമാൻ

മാസങ്ങളോളം ജോലി ചെയ്ത യുവാവിന് പണം നൽകാത്തതിനാൽ ആത്മഹത്യയുടെ വക്കിൽ നിൽക്കുകയാണ്. ഈ വിഷയം പോലും ഭരണ സമിതി ചർച്ച ചെയ്യാൻ തയ്യാറാവാത്തത് പൊതുജനത്തോടുള്ള വെല്ലുവിളിയാണ്.

ഫർഹാൻ ബിയ്യം

പ്രതിപക്ഷ നേതാവ്