fff

എസ്.ഐയെ കടിച്ചു,​ പ്രതി അറസ്റ്റിൽ

തിരൂർ: അര്‍ദ്ധരാത്രി പട്രോളിംഗിനിടെ തിരൂർ എസ്.ഐക്കും സിവില്‍ പൊലീസ് ഓഫീസര്‍ക്കും നേരെ ആക്രമണം. ആക്രമണത്തിനിടെ തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ഉദയരാജന് കടിയേറ്റത്. ബീരാഞ്ചിറ ചേമ്പുംപടിയിൽ തിങ്കളാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം. കേസിൽ മംഗലം കൊയപ്പയില്‍ വീട്ടില്‍ അജയനെ പൊലീസ് അറസ്റ്റ് ചെയ്തു.

പട്രോളിംഗിനിടെ ചേമ്പുംപടിയില്‍ സംശയാസ്പദമായ നിലയില്‍ ഒരു കാര്‍ കണ്ടതിനെ തുടർന്ന് പൊലീസെത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. രാത്രി മേഖലയില്‍ മണല്‍കടത്ത് നടക്കുന്നത് കൂടി കണക്കിലെടുത്തായിരുന്നു പൊലീസ് ഇവിടെയെത്തിയത്. കാറിനു സമീപമെത്തി പേരും വിലാസവും ചോദിച്ച് പുറത്തിറങ്ങാൻ പൊലീസ് ആവശ്യപ്പെട്ടു.കാറിലുണ്ടായിരുന്നയാള്‍ അക്രമകാരിയായി ആക്രോശിച്ചാണ് പൊലീസിനെ നേരിട്ടത്. അതോടെ ഇയാളെ കസ്റ്റഡിയിലെടുക്കാന്‍ പൊലീസ് തീരുമാനിച്ചു. ഇതിന് ശ്രമിക്കുന്നതിനിടെ കാറിലുണ്ടായിരുന്നയാൾ അടിച്ചും ചവിട്ടിയും എസ്.ഐയെ നേരിട്ടു. ഇതിനിടെ ഇടതു കൈയിൽ കടിച്ച് പരിക്കേല്‍പ്പിച്ചു. സിവില്‍ പൊലീസ് ഓഫീസര്‍ക്ക് നേരേയും ആക്രമണമുണ്ടായി. പ്രതിയെ കീഴ്‌പ്പെടുത്തിയാണ് പൊലീസ് സംഘം മടങ്ങിയത്. തുടര്‍ന്ന് പൊലീസുകാര്‍ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പ്രതി മംഗലം കൊയപ്പയില്‍ വീട്ടില്‍ അജയനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി.