
താനൂർ: താനൂരിൽ സിവിൽ സ്റ്റേഷൻ നിർമ്മിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കുമെന്ന് മന്ത്രി വി. അബ്ദുറഹ്മാൻ. സിവിൽ സ്റ്റേഷൻ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന താനൂർ ചന്തപ്പറമ്പിലെ സർക്കാർ ഭൂമിയിലെ കൈയേറ്റം പൂർണ്ണമായും ഒഴിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. താനൂർ നിയോജകമണ്ഡലത്തിലെ വികസനപ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി വിളിച്ചു ചേർത്ത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാർ ചന്ത നടത്തുന്നതിന് മലബാർ ഡിസ്ട്രിക്ട് ബോർഡിന് നൽകിയ ഭൂമിയായിരുന്നു ചന്തപ്പറമ്പ് .1981ൽ ജില്ലാകളക്ടർ ഇറക്കിയ ഉത്തരവ് പ്രകാരം ഭൂമി സർക്കാർ തിരിച്ചെടുത്തതാണെങ്കിലും വ്യാജരേഖയുണ്ടാക്കി ചില സ്വകാര്യവ്യക്തികൾ വർഷങ്ങളായി കൈവശം വച്ചിരിക്കുകയായിരുന്നു ഇവിടം. ഒരുഏക്കറും 74 സെന്റ് സ്ഥലവുമാണ് ഇവിടെ സർക്കാർ ഭൂമിയായുള്ളത്. ഇതിൽ 38.5 സെന്റ് സ്ഥലം സർക്കാർ തിരിച്ചു പിടിച്ചിട്ടുണ്ട്.
ഈ ഭൂമിയിലാണ് ആദ്യഘട്ടത്തിൽ കെട്ടിടം നിർമ്മിക്കുക. റീസർവേയിലെ അപാകതകൾ പരിഹരിച്ച് ബാക്കി ഭൂമി കൂടി തിരിച്ചു പിടിക്കും. ഇതിനായി പ്രത്യേകം സമയക്രമം തയ്യാറാക്കി മുന്നോട്ടു പോവും.
താനൂർ പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ വി.ആർ.വിനോദ്, അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എൻ.എം.മെഹറലി, മറ്റു റവന്യു, പൊതുമരാമത്ത് വകുപ്പ്, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.