ffffff

മലപ്പുറം: ജില്ലയിലെ ആധാർ എൻറോൾമെന്റ്, അപ്‌ഡേഷൻ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിനായി അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലിയുടെ അദ്ധ്യക്ഷതയിൽ ആധാർ മോണിറ്ററിംഗ് കമ്മിറ്റി യോഗം ചേർന്നു. റേഷൻ കടകൾ മുതൽ ഇൻഷ്വറൻസ് സേവനങ്ങൾക്ക് വരെ ആധാർ കാർഡുകളിൽ മൊബൈൽ നമ്പർ ചേർക്കേണ്ടതിനാൽ അത്തരം പ്രവർത്തനങ്ങൾ കൂടുതൽ ഊർജ്ജിതമാക്കാൻ യോഗം തീരുമാനിച്ചു. സെപ്തംബറിലെ കണക്ക് പ്രകാരം ആധാറിൽ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാത്ത 23.98 ലക്ഷം പേരാണ് ജില്ലയിലുണ്ടായിരുന്നത്. ഡിസംബറോടെ ഇത് 12.22 ലക്ഷമായി കുറയ്ക്കാൻ സാധിച്ചതായും യോഗം വിലയിരുത്തി.
ആധാർ പുതുക്കുന്നതിൽ നിലവിൽ സംസ്ഥാനതലത്തിൽ മലപ്പുറം ജില്ലയാണ് മുന്നിൽ. 53,545 ആധാറുകളാണ് കഴിഞ്ഞ മാസം ജില്ലയിൽ നിന്ന് അപ്‌ഡേറ്റ് ചെയ്തത്. പത്ത് വർഷം പഴക്കമുള്ള എല്ലാ ആധാർ ഉപഭോക്താക്കളും രേഖകൾ സമർപ്പിച്ച് അപ്‌ഡേഷൻ നടപടികൾ പൂർത്തീകരിക്കണം. മൈ ആധാർ പോർട്ടലിലൂടെ മാർച്ച് 14 വരെ ഗുണഭോക്താവിന് സ്വയം അപ്‌ഡേഷൻ നടത്താനാവും. നിശ്ചിത നിരക്ക് നൽകി അക്ഷയ, പോസ്റ്റൽ പേയ്‌മെന്റ് ബാങ്ക്, ബാങ്കുകളിലെ ആധാർ സേവന കേന്ദ്രങ്ങൾ എന്നിവ വഴിയും ആധാറുമായി ബന്ധപ്പെട്ട സേവനങ്ങളും പുതുക്കലും നടത്താം.
ആധാർ എൻറോൾമെന്റിൽ 104 ശതമാനമാണ് ജില്ലയിൽ പൂർത്തീകരിച്ചത്. മറ്റ് ജില്ലകളിൽ നിന്നുള്ളവർ എൻറോൾ ചെയ്തതുൾപ്പെടെ ചേർത്താണ് ഈ കണക്ക്. അഞ്ച് വയസ് വരെ പ്രായമുള്ള 2.8 ലക്ഷം കുട്ടികളാണ് ആധാർ എടുക്കാനുണ്ടായിരുന്നത്. ഇതിൽ 1.28 ലക്ഷം കുട്ടികളും ആധാർ എടുത്തിട്ടുണ്ട്. കുട്ടികളുടെ അഞ്ചു വയസ്സിലെയും 15 വയസ്സിലെയും നിർബന്ധിത ബയോമെട്രിക് അപ്‌ഡേഷനും ആധാർ, മൊബൈൽ നമ്പർ ലിങ്കിങ്ങും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും യോഗം തീരുമാനിച്ചു.
കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ യു.ഐ.ഡി.എ.ഐ സ്റ്റേറ്റ് ഡയറക്ടർ വിനോദ് ജേക്കബ് ജോൺ, യു.ഐ.ഡി.എ.ഐ പ്രൊജക്ട് മാനേജർ ശിവൻ, അസിസ്റ്റന്റ് മാനേജർ കൃഷ്‌ണേന്ദു, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജർ പി.ജി.ഗോകുൽ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.


ഫീൽഡ് വെരിവിക്കേഷൻ
ആദ്യമായി ആധാർ എടുക്കുന്ന, 18 വയസിനു മുകളിൽ പ്രായമുള്ളവർ 15 ദിവസത്തിനകം ഫീൽഡ് വെരിഫിക്കേഷൻ നടപടികൾക്ക് വിധേയമാകണമെന്ന് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എൻ.എം.മെഹറലി അറിയിച്ചു. ബന്ധപ്പെട്ട വില്ലേജ്, താലൂക്ക് ഓഫീസുകളിലാണ് അസൽ രേഖകളുമായി വെരിഫിക്കേഷന് ഹാജരാകേണ്ടത്. വിദേശത്ത് പോകുന്നവർ, ഭിന്നശേഷിക്കാർ എന്നിവർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

സേവനങ്ങൾ വീട്ടിലെത്തും

ആധാർ എൻറോൾമെന്റ് ഉൾപ്പെടെ സേവനങ്ങൾക്ക് അക്ഷയ ഓഫീസുകളിൽ നേരിട്ടെത്താൻ സാധിക്കാത്ത, കിടപ്പുരോഗികൾക്ക് വീടുകളിൽ നേരിട്ടെത്തി സേവനം ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ഈ സേവനം നടപ്പിലാക്കുന്നത്. ഹോം എൻറോൾമെന്റ്, അപ്‌ഡേഷൻ സേവനങ്ങൾക്ക് 700 രൂപയാണ് ഫീസ്. ഒരേ വീട്ടിൽ ഒന്നിലധികം കിടപ്പ് രോഗികളുണ്ടെങ്കിൽ 350 രൂപ മാത്രം ഒരാൾക്ക് അധികമായി നൽകിയാൽ മതിയാകും. ഇതിനായി കിടപ്പ് രോഗികളാണെന്ന് വ്യക്തമാക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് ഹെൽപ്പ് ഡെസ്‌കിൽ സമർപ്പിക്കണം. ആധാർ ഹെൽപ് ഡെസ്‌ക് നമ്പറുകൾ 0471 2525444, 3013, 3015, 3038, 3021. ഇമെയിൽ വിലാസം uidhelpdesk@kerala.gov.in, akshayauidmlp@gmail.com