
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് അപേക്ഷിച്ചത് 24,733 പേർ. ഇതിൽ 1,266 പേർ 70 വയസ് വിഭാഗത്തിലും 3,585 പേർ ലേഡീസ് വിത്തൗട്ട് മെഹ്റം (പുരുഷ തുണയില്ലാത്ത) വിഭാഗത്തിലും 19,882 പേർ ജനറലിലുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹജ്ജിനുള്ള ഓൺലൈൻ അപേക്ഷാ സമർപ്പണം 15ന് അവസാനിച്ചു. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമേ അന്തിമകണക്ക് ലഭ്യമാവൂയെന്ന് ഹജ്ജ് കമ്മിറ്റി അധികൃതർ അറിയിച്ചു.
ലഭിച്ച അപേക്ഷകളിൽ 23,111 പേർക്ക് രജിസ്‌ട്രേഡ് കവർ നമ്പറുകൾ അനുവദിച്ചിട്ടുണ്ട്. കവർ നമ്പർ മുഖ്യ അപേക്ഷകന് എസ്.എം.എസായി ലഭിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റിൽ അപേക്ഷകരുടെ യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് കവർ നമ്പർ പരിശോധിക്കാം. കവർ നമ്പറിന് മുന്നിൽ 70 വയസ് വിഭാഗത്തിന് കെ.എൽ.ആർ എന്നും വിത്തൗട്ട് മെഹ്റത്തിന് കെ.എൽ.ഡബ്ല്യു.എം എന്നും
ജനറൽ കാറ്റഗറിക്ക് കെ.എൽ.എഫ് എന്നുമാണ് ഉണ്ടാവുക. 1,500ഓളം അപേക്ഷകൾക്കാണ് സൂക്ഷ്മ പരിശോധന നടത്തി ഇനി കവർ നമ്പറുകൾ നൽകാനുള്ളത്. ഈ പ്രവൃത്തി നാളെ പൂർത്തിയാകും. ഓൺലൈൻ അപേക്ഷ പൂർണ്ണമായി സബ്മിറ്റ് ചെയ്തിട്ടും കവർ നമ്പർ ലഭിക്കാത്തവർ അവരുടെ അപേക്ഷാഫോറം, യൂസർ ഐ.ഡി എന്നിവ സഹിതം 19ന് വൈകിട്ട് അഞ്ചിനകം ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെടണം. അതിനുശേഷം ലഭിക്കുന്ന പരാതികൾ പരിഗണിക്കില്ലെന്ന് അധികൃതർ അറിയിച്ചു.