flight

മലപ്പുറം: ക്രിസ്‌മസ്,​ പുതുവത്സര അവധിക്കെത്തിയ പ്രവാസികൾ ഗൾഫിലേക്ക് മടങ്ങിയതോടെ കേരളത്തിൽ നിന്നുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികൾ. ശൈത്യകാല അവധിയ്ക്കടച്ച ഗൾഫിലെ സ്കൂളുകൾ ജനുവരി രണ്ടാംവാരത്തോടെ തുറന്നതിനെ തുടർന്ന് ഭൂരിഭാഗം കുടുംബങ്ങളും ഗൾഫിലേക്ക് മടങ്ങി. ക്രിസ്‌മസ് അവസരമാക്കി കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് നാലിരട്ടിയിലധികം വർദ്ധിപ്പിച്ചിരുന്നു. ഈ മാസം കേരളത്തിൽ നിന്ന് അബുദാബിയിലേക്ക് 10,​000 രൂപയ്ക്കും ടിക്കറ്റുണ്ട്. അതേസമയം, ഡിസംബറിൽ 40,000 രൂപയായിരുന്നു നിരക്ക്. ജിദ്ദയിൽ നിന്ന് നാട്ടിലേക്ക് 80,000 രൂപ വരെ ഈടാക്കിയെങ്കിൽ ഇപ്പോൾ 22,000 രൂപ മതി. മസ്കറ്റിൽ നിന്ന് കൊച്ചിയിലേക്ക് 45,000 രൂപയുടെ സ്ഥാനത്ത് 8,500 രൂപയ്ക്കും ടിക്കറ്റുണ്ട്.

ഗൾഫ് സെക്ടറിലെ ടിക്കറ്റ് കൊള്ള അവസാനിപ്പിക്കാൻ സീസൺ സമയങ്ങളിൽ സീറ്റുകൾ വർദ്ധിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം. യു.എ.ഇയിലേക്ക് ഒരുമാസം ഇന്ത്യയിൽ നിന്ന് 2.60 ലക്ഷം പേർക്ക് യാത്ര ചെയ്യാനുള്ള ധാരണയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ഈ സമയത്ത് സീസണിൽ നാല് ലക്ഷത്തോളം യാത്രക്കാരുണ്ടാവും.

ഈ മാസത്തെ നിരക്ക്

കൊച്ചി - മസ്കറ്റ് ............................................. 8,500 - 10,000

തിരുവനന്തപുരം - അബുദാബി ............... 9,700 - 13,500

കോഴിക്കോട് - ജിദ്ദ ....................................... 22,000 - 25,000

കോഴിക്കോട് - ഷാർജ ................................ 12,000 - 16,000

കോഴിക്കോട് - അബുദാബി .......................10,000 - 13,000

തിരുവനന്തപുരം - ദോഹ .......................... 15,000 - 21,500

കൊച്ചി - ദുബായ്..........................................16,000 - 18,000

കണ്ണൂർ - ഷാർജ ............................................ 14,000 - 17,000

ഡിസംബറിൽ ഈടാക്കിയ നിരക്ക്

മസ്കറ്റ് - കൊച്ചി ............................................. 35,000 - 45,000

അബുദാബി - തിരുവനന്തപുരം............... 35,000 - 40,000

ജിദ്ദ - കോഴിക്കോട്....................................... 51,000 - 61,000

ഷാർജ - കോഴിക്കോട്................................ 36,000 - 40,000

അബുദാബി - കോഴിക്കോട്.......................37,000 - 40,000

ദോഹ - തിരുവനന്തപുരം.......................... 50,000 - 65,000

ദോഹ - കൊച്ചി.............................................35,000 - 40,000

ഷാർജ - കണ്ണൂർ............................................ 30,000 - 33,000