c

ദേശീയ ബാലികാ ദിനമാണ് വരാനിരിക്കുന്നത്. എല്ലാ വർഷവും ജനുവരി 24നാണ് ദേശീയ ബാലികാ ദിനമായി ആഘോഷിക്കുന്നത്. ഇന്ത്യയിൽ പുരുഷന്മാർക്കൊപ്പം സ്ത്രീകൾക്കും സുരക്ഷിതത്വവും തുല്ല്യവുമായ അവസരങ്ങൾ ലഭിക്കുന്ന വാസയോഗ്യമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വനിതാ ശിശു വികസന മന്ത്രാലയം ഈ ദിനം ആചരിക്കാൻ തീരുമാനിച്ചത്. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനുമാണ് ഈ ദിനം കൂടുതൽ ഊന്നൽ നൽകുന്നത്. പെൺ ശിശുഹത്യ, ലൈംഗിക ദുരുപയോഗം, ലിംഗ അസമത്വം തുടങ്ങിയ പ്രശ്നങ്ങളെക്കുറിച്ച് സമൂഹത്തെ ബോധവൽക്കരിക്കാനും ഈ ദിനം ഉപയോഗപ്പെടുത്തുന്നു.
വനിതാ ശിശു വികസന മന്ത്രിലയം 2008 ജനുവരി 24നാണ് ആദ്യമായി ദേശീയ ബാലികാ ദിനമായി ആചരിച്ചത്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഒരാഴ്ചയോ ഒരു മാസമോ നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്താറുണ്ട്. പെൺകുട്ടികളുടെ ഉന്നമനം ലക്ഷ്യമിട്ട് സമൂഹത്തിലേക്ക് മികച്ച ആശയങ്ങൾ കൈമാറുന്ന ബോധവൽക്കരണ പരിപാടികൾ ഈ ദിനത്തിൽ നിത്യകാഴ്ചയാണ്. ഭൂമിയിൽ ജനിച്ച് വീഴുന്ന ഓരോ കുട്ടിയ്ക്കും ജീവിക്കാനും മെച്ചപ്പെട്ട ജീവിതം കണ്ടെത്താനും തുല്ല്യ അവകാശമാണുള്ളത്, എന്നാൽ, ഗർഭപാത്രത്തിഷ ഭ്രൂണാവസ്ഥയിൽ ഇരിക്കുമ്പോൾ തന്നെ ലിംഗ വിവേചനമെന്ന മഹാവിപത്ത് അവരെ വേട്ടയാടുന്നു. ഇത് ഏറ്റവുമധികം ബാധിക്കുന്നത് പെൺകുട്ടികളെയാണ്.
പെണ്ണെന്നാൽ ത്യാഗത്തിന്റെയും സഹനത്തിന്റെയും വിട്ടുകൊടുക്കലിന്റെയും പര്യായമാണെന്ന ആശയം കുട്ടിക്കാലം മതലേ അവരിൽ കൊത്തിവെയ്ക്കരുത്. ഇത് പലയിടങ്ങളിൽ നിന്നും പുറകോട്ട് വലിയാൻ അവരെ പ്രേരിപ്പിക്കും എന്നതിൽ തർക്കമില്ല. ഒരു ആൺകുട്ടി കരഞ്ഞാൽ നീയെന്താ പെണ്ണിനെ പോലെ കരയുന്നത് എന്ന് ചോദിക്കുന്നവർ ധാരാളമാണ്. പെണ്ണെന്നാൽ പ്രതികരിക്കാതെ കരഞ്ഞ് തീർക്കേണ്ടവളാണെന്ന ധാരണ ഊട്ടിയുറപ്പിക്കാനേ ഇത്തരം സംഭാഷണങ്ങൾ കൊണ്ട് സാധിക്കൂ. ശൈശവ വിവാഹങ്ങൾ ഇന്ത്യയിലെ പല ഭാഗങ്ങളിലും ഇന്നും നടന്നുവരുന്നുണ്ട്. ഇതിലൂടെ പെൺകുട്ടികളുടെ അവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവും ഇല്ലാതാവുകയാണ് ചെയ്യുന്നത്. പെൺ ദ്രൂണഹത്യ ഉൾപ്പെടെ പെൺകുട്ടികൾക്കെതിരെയും സ്ത്രീകൾക്കെതിരെയും അതിക്രമങ്ങൾ നടക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം നാലാമതാണ് എന്നത് ലജ്ജാകരമാണ്. ഇന്ത്യയിൽ നവജാത ശിശുക്കളശുടെ മരണനിരക്ക് കൂടുതലാണെന്നും അതിൽ പെൺകുട്ടികളുടെ എണ്ണമാണ് കൂടുതലെന്നും യൂണിസെഫ് പറയുന്നും. അഞ്ച് വയസ്സിന് താഴെ പ്രായമുള്ള കുട്ടികളുടെ മരണനിരക്കിലും മുന്നിൽ പെൺകുട്ടികൾ തന്നെയാണ്.
ഇന്ത്യ ടൈംസിന്റെ 2021ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ വലിയ സംഘടിത കുറ്റകൃത്യമായി മനുഷ്യക്കടത്തിനെ കാണന്നുവെന്നും ഇതിൽ ഇരയാക്കപ്പെടുന്നതിൽ കൂടുതലും പെൺകുട്ടികൾ ആണെന്നുമാണ് പറയുന്നത്. ഇന്ത്യയിൽ വിദ്യാലങ്ങളിൽ നിന്നുള്ള പെൺകുട്ടികളുടെ കൊഴിഞ്ഞുപോക്കിന്റെ മുഖ്യ കാരണം ശൈശവ വിവാഹമാണ്. ലോകത്ത് ഏറ്റവും കൂടുതൽ ശൈശവ വിവാഹങ്ങൾ ഒരുകാലത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത് ഇന്ത്യയിലായിരുന്നു. ശൈശവ വിവാഹം നിർത്തലാക്കുന്നതിൽ ഇന്ത്യ പുറകോട്ട് പോകുന്നതായി ലാൻസറ്റ് ഗ്ലോബൽ ഹെൽത്ത് ജേണൽ റിപ്പോർട്ട് പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നു.
അഞ്ചിലൊരു പെൺകുട്ടിയും ആറിലൊരു ആൺകുട്ടിയും നേരത്തെ വിവാഹിതരാകുന്നതായി പഠനം കണ്ടെത്തിയിരുന്നു. മണിപ്പൂർ, പഞ്ചാബ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ശൈശവ വിവാഹം 2016നും 2021നും ഇടയിൽ വർദ്ധിച്ചിരുന്നു. 1993 മുതൽ 2021 വരെയുള്ള ദേശീയ കുടുംബാരോഗ്യ സർവേ റിപ്പോർട്ട് അടിസ്ഥാനമാക്കിയാണ് പ്രധാനമായും റിപ്പോർട്ട് തയ്യാറാക്കിയത്. മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, പശ്ചിബാഗാൾ, ബീഹാർ, രാജസ്ഥാൻ, മദ്ധ്യപ്രദേശ് എന്നിവിടങ്ങളിൽ നടന്ന ബാലവിവാഹം ഇന്ത്യയിൽ ആകെ നടന്ന ബാലവിവാഹത്തിന്റെ 80 ശതമാനത്തോളം വരും. രാജ്യത്തിന്റെ പുരോഗതിയെത്തന്നെ പ്രതികൂലമായി ബാധിക്കുന്നതാണ് ശൈശവ വിവാഹം. സംസ്ഥാനങ്ങൾ തിരിച്ചുള്ള കണക്കുകളിൽ വർദ്ധനവ് ഉണ്ടെങ്കിലും ദേശീയ ശരാശരി പരിഗണിക്കുമ്പോൾ ശൈശവ വിവാഹം കുറഞ്ഞ് വരുന്നതായി ഹാർവാർഡ് യൂണിവേഴ്സിറ്റി ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി. മനുഷ്യാവകാശ ലംഘനമായാണ് യു.എൻ ചിൽഡ്രൻസ് ഫണ്ട് ശൈശവ വിവാഹത്തെ കണ്ടത്.
വിദ്യാഭ്യാസ മേഖലയിൽ നേരിടുന്ന ലിംഗവിവേചനം ഇല്ലായ്മ ചെയ്യാനായി രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച നാൾ മുതൽ പരിശ്രമങ്ങൾ നടക്കുന്നുണ്ട്. 1951ലെ സെൻസസ് അനുസരിച്ച് 8.9 ശതമാനമായിരുന്നു സ്ത്രീ സാക്ഷരതാ നിരക്കെങ്കിൽ നിലവിലത് 65.8 ശതമാനമായി ഉയർന്നിട്ടുണ്ട്. പെൺകുട്ടികളെ പ്രൈമറി തലത്തിൽ ചേർക്കുന്നതിലും വലിയ മാറ്റമാണ് ഇക്കാലയളവിൽ സംഭവിച്ചത്. 1951ൽ പ്രൈമറി സ്‌കൂളിൽ ചേരുന്ന ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും അനുപാതം 100:42 ആയിരുന്നെങ്കിൽ ഇന്നത് 100:102 ആണ്. അപ്പർ പ്രൈമറി വരെയെത്തുന്ന ആൺപെൺകുട്ടികളുടെ അനുപാതം 100: 101 ആണ്. ലോക ഇക്കണോമിക്സ് ഫോറത്തിന്റെ 2022ലെ ജെൻഡർ ഗ്യാപ് സൂചിക അനുസരിച്ച് കുട്ടികളെ പ്രൈമറി ക്ലാസുകളിലെത്തിക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ ഒന്നാം സ്ഥാനത്താണ്. വർഷങ്ങളുടെ പരിശ്രമം കൊണ്ടാണ് രാജ്യം ഈ നേട്ടം കൈവരിച്ചത്. എന്നാൽ ഈ ശ്രമങ്ങൾ മാത്രം മതിയോ ലിംഗസമത്വം കൊണ്ടുവരാൻ എന്ന് പുനർവിചിന്തനം ചെയ്യേണ്ടിയിരിക്കുന്നു. പെൺകുട്ടികളോടുള്ള കുടുംബത്തിന്റെയും സമൂഹത്തിന്റെയും മനോഭാവത്തിന് മാറ്റം വരുത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിലും സമീപ കാല കണക്കുകൾ അത്ര നല്ല ശുഭസൂചനയല്ല തരുന്നത്.
പെൺകുട്ടികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അവർ നേരിടുന്ന സാമൂഹ്യ പ്രശ്നങ്ങളെക്കുറിച്ച് വെറും ബോധവൽക്കരണം നൽകുന്നതിനും മാത്രമായി ഈ ദിനം മാറാതിരിക്കട്ടെ. എല്ലാ ദിനവും ബാലികമാർ സംരക്ഷിക്കപ്പെടണമെന്നും അവർക്കുള്ള അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും നമുക്ക് പ്രതിജ്ഞയെടുക്കാം.