
മലപ്പുറം: മുസ്‌ലിം ലീഗിന്റെ പൊന്നാപുരം കോട്ടയായ പൊന്നാനി ലോക്‌സഭ മണ്ഡലം പിടിച്ചെടുക്കാൻ അണിയറ നീക്കം സജീവമാക്കി സി.പി.എം. ഇത്തവണയും യു.ഡി.എഫ് വോട്ടിൽ വിള്ളലുണ്ടാക്കാൻ കെൽപ്പുള്ള ആളെയാവും ഇടതു സ്വതന്ത്രനായി മത്സരിപ്പിക്കുക. കോൺഗ്രസ് വോട്ടിലാണ് പ്രധാന നോട്ടം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ഔദ്യോഗിക ചർച്ചകളിലേക്കൊന്നും ഇതുവരെ സി.പി.എം കടന്നിട്ടില്ല. ചില പേരുകൾ നേതൃത്വത്തിന്റെ മനസിലുണ്ട്. കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പോടെ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന കെ.പി.സി.സി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ പൊന്നാനിയിൽ കാര്യങ്ങൾ എളുപ്പമാവുമെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ. പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ കോൺഗ്രസിലെ ഐ ഗ്രൂപ്പിനാണ് മേൽക്കോയ്മയെങ്കിലും തിരൂരങ്ങാടി, താനൂർ മണ്ഡലങ്ങളിൽ എ ഗ്രൂപ്പും ശക്തരാണ്. പൊന്നാനി ലോക്‌സഭ പരിധിയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും മുസ്‌ലിം ലീഗ് - കോൺഗ്രസ് ബന്ധം അത്ര കെട്ടുറപ്പിലല്ല. നിശ്ചിത കാലയളവിന് ശേഷം പ്രസിഡന്റ് പദവി കോൺഗ്രസിനെന്ന ധാരണ പലയിടങ്ങളിലും ലംഘിച്ചതിനാൽ കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾക്കും പ്രവർത്തകർക്കും ലീഗിനെതിരെ വികാരമുണ്ട്. സിറ്റിംഗ് എം.പി ഇ.ടി.മുഹമ്മദ് ബഷീർ കോൺഗ്രസ് പ്രാദേശിക നേതൃത്വങ്ങൾക്ക് അത്രത്തോളം സ്വീകാര്യനുമല്ല. ആര്യാടൻ ഷൗക്കത്ത് സ്ഥാനാർത്ഥിയായാൽ ഗ്രൂപ്പ് സമവാക്യങ്ങൾക്ക് അപ്പുറത്തേക്ക് കോൺഗ്രസിലെ വോട്ടുകൾ ചോർത്താനാവുമെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. ദേശാഭിമാനി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലേക്ക് ആര്യാടൻ ഷൗക്കത്തിനെ സി.പി.എം നേതൃത്വം ക്ഷണിച്ചിരുന്നു. കോൺഗ്രസിനുള്ളിൽ വിവാദത്തിന് വഴിവയ്ക്കുമെന്നതിനാൽ ക്ഷണം ഷൗക്കത്ത് നിരസിച്ചു. മറ്റൊരു പരിപാടിയിലേക്ക് വന്നാൽ മതിയെന്ന് അറിയിച്ച സി.പി.എം നേതൃത്വം അദ്ദേഹത്തിന് മുന്നിൽ വാതിൽ തുറന്നിട്ടിട്ടുണ്ട്. ഡി.സി.സി പ്രസിഡന്റായിരുന്ന ടി.കെ.ഹംസ മഞ്ചേരിയിലും ഇടതുപിന്തുണയിൽ പൊന്നാനിയിൽ ആര്യാടൻ മുഹമ്മദും മത്സരിച്ച ചരിത്രവും സി.പി.എം നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
ആര്യാടൻ ഷൗക്കത്ത് ഇപ്പോഴും കെ.പി.സി.സി സെക്രട്ടറിയായി നിൽക്കുകയാണെന്നും ഇതിൽ മാറ്റം വരുമ്പോഴേ പൊന്നാനിയിലേക്ക് പരിഗണിക്കുന്നത് അടക്കമുള്ള ചർച്ച ചെയ്യാനാവൂ എന്ന് സി.പി.എം ജില്ലാ സെക്രട്ടറി ഇ.എൻ.മോഹൻദാസ് പറഞ്ഞു. പൊന്നാനിയിൽ തിരിച്ചടി നേരിട്ടാലും വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന് സ്വതന്ത്ര സ്ഥാനാർത്ഥിത്വം നൽകാമെന്ന ഫോർമുലയും ആലോചനയിലുണ്ട്. ഇനി തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന നിലപാടിലേക്ക് സിറ്റിംഗ് എം.എൽ.എ പി.വി.അൻവർ മാറിയതായാണ് വിവരം. സി.പി.എമ്മിന്റെ വേദികളിലേക്ക് പലവട്ടം ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇതുവരെ വേദി പങ്കിടാൻ ഷൗക്കത്ത് മുന്നോട്ടുവന്നിട്ടില്ല. എം.എൽ.എമാരെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ തീരുമാനം. വിജയിച്ചാലും ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരുമെന്നതാണ് കാരണം. കഴിഞ്ഞ തവണ പി.വി.അൻവർ എം.എൽ.എയെ സ്ഥാനാർത്ഥിയാക്കിയുള്ള പൊന്നാനിയിലെ പരീക്ഷണം പരാജയമായിരുന്നെന്നാണ് സി.പി.എം ജില്ലാ നേതൃത്വത്തിന്റെ വിലയിരുത്തൽ.
ആറായിരത്തിലാണ് പ്രതീക്ഷ
മലപ്പുറത്ത് കോൺഗ്രസ് വോട്ടുകൾ ലഭിച്ചില്ലെങ്കിലും ലീഗ് വിജയിക്കും. ഭൂരിപക്ഷത്തിൽ കുറവുണ്ടാവും എന്ന് മാത്രം. എന്നാൽ പൊന്നാനിയിലെ സ്ഥിതി ഇതല്ലെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തൽ. നിയമസഭ തിരഞ്ഞെടുപ്പിൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിൽ 6,000 വോട്ടിന്റെ വ്യത്യാസമേയുള്ളൂ എന്നതാണ് സി.പി.എമ്മിന്റെ പ്രതീക്ഷ വർദ്ധിപ്പിക്കുന്നത്. ജില്ലയുടെ പടിഞ്ഞാറൻ മേഖല കേന്ദ്രീകരിച്ച് സംസ്ഥാന സർക്കാർ നിരവധി വികസനപ്രവർത്തനങ്ങൾ നടപ്പാക്കിയതും അനുകൂല ഘടകമായി കാണുന്നു. കോൺഗ്രസും മുസ്‌ലിം ലീഗും കേന്ദ്ര സർക്കാരിന്റെ ഫാസിസ്റ്റ് നയങ്ങളെ പ്രതിഷേധിക്കുന്നതിൽ പിന്നാക്കം പോയെന്ന ന്യൂനപക്ഷങ്ങൾക്കിടയിലെ വികാരവും അനുകൂല ഘടകമാണ്. സമസ്തയുമായുള്ള പ്രശ്നം ലീഗിനെ സമീപകാലത്തൊന്നും ഇല്ലാത്ത വിധത്തിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ടെന്ന് വിലയിരുത്തുന്ന സി.പി.എം നേതൃത്വം ഇതും തുണയ്ക്കുമെന്ന വിലയിരുത്തലിലാണ്. പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ഏഴിൽ നാലെണ്ണത്തിലും എൽ.ഡി.എഫാണ്. ലീഗിന് വലിയതോതിൽ മാർജ്ജിൻ കിട്ടുന്ന കോട്ടക്കൽ, തിരൂരങ്ങാടി മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കും. എൽ.ഡി.എഫ് എം.എൽ.എമാരുള്ള താനൂർ, തവനൂർ, തൃത്താല, പൊന്നാനി നിയോജക മണ്ഡലങ്ങളിൽ വോട്ട് വിഹിതം ഉയർത്താൻ പദ്ധതികൾ നടപ്പാക്കും.