
മലപ്പുറം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡന്റുമായ പാണക്കാട് മുഈനലി തങ്ങൾക്കെതിരായ വധഭീഷണിയിൽ ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിലിനെ പ്രതിചേർത്ത് മലപ്പുറം പൊലീസ് കേസെടുത്തു.
കലാപാഹ്വാനം, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. വ്യാഴാഴ്ച രാത്രിയാണ് മുഈനലി തങ്ങളെ ഫോണിൽ വിളിച്ച് പേര് വെളിപ്പെടുത്താതെ റാഫി ഭീഷണിപ്പെടുത്തിയത്.
സമസ്ത വിഷയത്തിൽ പി.കെ.കുഞ്ഞാലിക്കുട്ടി നടത്തിയ പരാമർശത്തിനെതിരെ മുഈനലി തങ്ങൾ പരസ്യമായി രംഗത്തെത്തിയിരുന്നു.
മുഈനലി തങ്ങളെ പിന്തുണച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: കൈയും കാലും വെട്ടുമെന്ന തരത്തിലുള്ള വെല്ലുവിളികൾ ഒരു നിലയ്ക്കും അംഗീകരിക്കാനാവില്ലെന്നും പാണക്കാട് കുടുംബത്തിന് നേരെയുള്ള ഇത്തരം പ്രസ്താവനകൾ പ്രതിഷേധാർഹമാണെന്നും മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. മുസ്ലിം ലീഗ് ഇത്തരത്തിലുള്ള പ്രവർത്തനങ്ങളെ ഒരുകാലത്തും അംഗീകരിച്ചിട്ടില്ലെന്നും കർശന നടപടിയെടുക്കുമെന്നും അദ്ദേഹം കുറിച്ചു.
മുഈനലി തങ്ങൾക്കെതിരായ ഭീഷണിയിൽ പൊലീസ് നടപടി വേഗത്തിലാക്കണമെന്നും കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം ഫേസ്ബുക്കിൽ കുറിച്ചു. വധഭീഷണി കുറ്റകൃത്യമാണെന്ന് എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ.നവാസ് ഫേസ്ബുക്കിൽ കുറിച്ചു.