campaign

മലപ്പുറം: പാലിയേറ്റീവ് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായി 'ഞാനുമുണ്ട് പരിചരണത്തിന്' എന്ന പേരിലുള്ള ക്യാമ്പെയിൻ സംഘടിപ്പിച്ചു. ആരോഗ്യകുടുംബ ക്ഷേമ വകുപ്പും കുടുംബശ്രീയും സംയുക്തമായാണ് ക്യാമ്പെയിൻ നടത്തിയത്. മലപ്പുറം ജില്ലയിൽ ഹൃദ്യ എന്ന പേരിൽ പാലിയേറ്റീവ് പ്രവർത്തനങ്ങൾ കുടുംബശ്രീയുടെ നേതൃത്വത്തിൽ വളരെ വിപുലമായാണ് നടക്കുന്നത്. ഈ ക്യാമ്പെയിനോടനുബന്ധിച്ച് അയൽക്കൂട്ട പ്രദേശത്തെ കിടപ്പുരോഗികളെ കണ്ടെത്തി അവരുടെ സംരക്ഷണവും പരിചരണവും ഉറപ്പാക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾക്കു കുടുംബശ്രീ വൊളന്റിയർമാരുടെ സേവനം ഉറപ്പു വരുത്തി. പ്രത്യേക അയൽകൂട്ടം ചേരുകയും കിടപ്പിലായ രോഗികളെ സന്ദർശിച്ച് സാന്ത്വനമേകുകയും അയൽക്കൂട്ടങ്ങളിൽ പാലിയേറ്റീവ് പ്രതിജ്ഞയെടുക്കുകയും ചെയ്തു.