land

നിലമ്പൂർ: എന്തു പ്രതിസന്ധിയുണ്ടായാലും വികസന ക്ഷേമ പദ്ധതികളിൽ നിന്നും സർക്കാർ പിറകോട്ടു പോവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭൂരഹിതരായ പട്ടികവർഗക്കാർക്കുള്ള ഭൂമിയുടെ വിതരണോദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
നാടിന്റെ തദ്ദേശീയ ജനതയെയും ആദിവാസികളെയും സംരക്ഷിക്കുകയും അവരുടെ സാമൂഹിക മുന്നേറ്റത്തിന് വേണ്ട എല്ലാ കാര്യങ്ങളും നിറവേറ്റുകയും ചെയ്യുന്ന സംസ്ഥാനമാണ് കേരളം.

ഏഴര വർഷത്തിനിടെ മൂന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് പട്ടയം ലഭ്യമാക്കി. നാല് ലക്ഷത്തോളം കുടുംബങ്ങൾക്ക് ലൈഫ് മിഷൻ വഴി വീടു നൽകി. ഭൂരഹിതരായ 2,​697 കുടുംബങ്ങൾക്കായി 3,​248 ഏക്കർ ഭൂമിയാണ് ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കൈമാറിയത്.

പട്ടികവർഗ്ഗക്കാരുടെ നൈപുണ്യ വികസനം ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുകയാണ്. ഇവരെ ഒരേ സമയം തൊഴിൽ സംരംഭകരും തൊഴിൽദാതാക്കളുമായി മാറ്റാനുതകുന്ന പദ്ധതികളും ഇതോടൊപ്പം നടപ്പാക്കുന്നു. ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം 500 പട്ടികവർഗ വിഭാഗക്കാരെ സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായി നിയമിച്ചു. ഇതേ മാതൃകയിൽ എക്‌സൈസ് ഗാർഡുകളായി നൂറു പേർക്ക് നിയമനം നൽകുന്നതിനുള്ള നടപടികളും പുരോഗമിക്കുന്നു.

നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പി.വി.അൻവർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. മന്ത്രി കെ.രാധാകൃഷ്ണൻ പട്ടയ വിതരണം നിർവഹിച്ചു. പി.വി.അബ്ദുൽവഹാബ് എം.പി,​ പട്ടിക വർഗ വികസന വകുപ്പ് ഡയറക്ടർ ഡി.ആർ മേഘശ്രീ തുടങ്ങിയവർ പങ്കെടുത്തു