recyle

മലപ്പുറം: പഴയ വസ്ത്രങ്ങൾ ഉപയോഗിച്ച് പുനരുപയോഗ വസ്തുക്കൾ നിർമ്മിക്കുന്ന ടെക്സ്‌റ്റൈൽ റീസൈക്ലിംഗ് ഹബ് പദ്ധതിയോട് മുഖം തിരിച്ച് ബ്ലോക്ക് പഞ്ചായത്തുകൾ. ഒരു ബ്ലോക്ക് പഞ്ചായത്ത് 2.96 ലക്ഷം രൂപ എന്ന തോതിൽ ജില്ലയിലെ 15 ബ്ലോക്ക് പഞ്ചായത്തുകളിൽ നിന്നായി 44.40 ലക്ഷം രൂപ ലഭിക്കേണ്ടപ്പോൾ വകയിരുത്തിയത് 15.92 ലക്ഷം രൂപ മാത്രം. ഇതോടെ കഴിഞ്ഞ ഒക്ടോബറിൽ ആരംഭിക്കാനിരുന്ന പദ്ധതി ഇതുവരെ പ്രാവർത്തികമായിട്ടില്ല. നിലമ്പൂർ, തിരൂർ, അരീക്കോട്, മങ്കട, കാളികാവ് ബ്ലോക്കുകൾ മാത്രമാണ് നിലവിൽ ഫണ്ട് വകയിരുത്തിയിട്ടുള്ളത്. ഹരിത കർമ്മ സേനാംഗങ്ങൾക്കുള്ള സ്‌കിൽ ട്രെയിനിംഗിനും മെഷിനറി വാങ്ങുന്നതിനുമാണ് പണം വിനിയോഗിക്കേണ്ടത്. വീടുകളിൽ നിന്ന് ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന പഴയ വസ്ത്രങ്ങൾ അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതിന് പകരം അതത് പ്രദേശത്ത് തന്നെ പുതിയ ഉല്പന്നങ്ങളാക്കി മാറ്റിയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ചുള്ള പദ്ധതി കുടുംബശ്രീ ജില്ലാ മിഷനാണ് വിഭാവനം ചെയ്തത്

തുണിസഞ്ചി, കിടക്ക, ചവിട്ടി, പാവ, മറ്റ് കരകൗശല വസ്തുക്കൾ തുടങ്ങിയ നിർമ്മിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവ നിർമ്മിക്കാനായി എംപാനൽ ഏജൻസി മുഖേന ഒരാഴ്ച മുതൽ ഒരുമാസം വരെ നീണ്ടുനിൽക്കുന്ന പരിശീലനത്തിന് ഒക്ടോബറിൽ തുടക്കമിടുമെന്ന് കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ അറിയിച്ചെങ്കിലും നടപ്പായില്ല. നിലവിൽ ഹരിത കർമ്മ സേനാംഗങ്ങൾ ശേഖരിക്കുന്ന വസ്ത്രങ്ങൾ സ്വകാര്യ ഏജൻസികൾ വഴി ബാംഗളൂരുവിലേക്ക് കയറ്റുമതി ചെയ്യുകയും ശേഷം ഫൈബറാക്കി വില കുറഞ്ഞ വസ്ത്രങ്ങളോ നൂലുകളോ ആക്കി മാറ്റുകയുമാണ് പതിവ്. തിരഞ്ഞെടുക്കുന്ന എട്ട് സെന്ററുകളിലായി 30 പേർക്ക് വീതം നിർമ്മാണ പരിശീലനം നൽകാനാണ് ഉദ്ദേശിക്കുന്നത്. ഹരിത കർമ്മ സേനാംഗങ്ങൾക്കൊപ്പം തയ്യലിൽ താത്പര്യമുള്ളവർക്കും അപേക്ഷിക്കാം. കൂടുതൽ അപേക്ഷകരുള്ള മേഖലയിൽ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കും.

ടെക്സ്‌റ്റൈൽ റീസൈക്ലിംഗ് ഹബ് പദ്ധതി വൈകുന്നത് സംബന്ധിച്ച് ബ്ലോക്ക് പഞ്ചായത്തുകളുമായി ബന്ധപ്പെടുമ്പോൾ ഉടൻ ആരംഭിക്കുമെന്നാണ് മറുപടി. മാർച്ചിലെങ്കിലും പദ്ധതി ആരംഭിക്കാനാണ് ശ്രമം.

കുടുംബശ്രീ ജില്ലാ മിഷൻ അധികൃതർ

ബ്ലോക്കുകളും വകയിരുത്തിയ തുകയും

നിലമ്പൂർ 5,00,000
തിരൂർ 2,96,000
അരീക്കോട് 2,90,000
മങ്കട 2,10,000
കാളികാവ് 2,96,000