
എടക്കര: വഴിക്കടവ് പഞ്ചായത്തിലെ പട്ടികജാതി പട്ടിക വർഗ കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് ഗ്രാമപഞ്ചായത്ത് ലാപ് ടോപ്പ് വിതരണം ചെയ്തു. കുട്ടികളിലെ പഠന നിലവാരം ഉയർത്താനും ഇന്റർനെറ്റ് സൗകര്യം ഫലപ്രദമായി കൈകാര്യം ചെയ്യാനുമുള്ള അവസരം ഒരുക്കുന്നതിന്റെ ഭാഗമായി 2022-23 സാമ്പത്തിക വർഷത്തിലാണ് പദ്ധതി ഒരുക്കിയത്. മൂന്ന് വർഷത്തെ ഗാരണ്ടിയോട് കൂടിയുള്ള ലാപ്പ് ടോപ്പും അനുബന്ധ സാമഗ്രികളുമാണ് വിതരണം ചെയ്തത്. രണ്ട് പട്ടികവർഗ കുട്ടികൾക്കും പതിമൂന്ന് പട്ടിക ജാതി കുട്ടികൾക്കും ലാപ്പ് ടോപ്പ് നൽകി. പദ്ധതിക്കായി പഞ്ചായത്ത് 6.5 ലക്ഷം രൂപ ചെലവഴിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ നെടുമ്പടി വിതരണോദ്ഘാടനം നടത്തി. വൈസ് പ്രസിഡന്റ് റെജി ജോസഫ് കണ്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു.