
മലപ്പുറം: മദ്യപിച്ച് പൊലീസ് ജീപ്പ് ഓടിച്ച് അപകടമുണ്ടാക്കിയ മലപ്പുറം പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐ വള്ളിക്കാപ്പറ്റ ഗോപി മോഹനനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു. എസ്.പിയുടെ നിർദ്ദേശപ്രകാരം എ.എസ്.ഐയെ സസ്പെന്റ് ചെയ്തു. ചൊവാഴ്ച വൈകിട്ട് മങ്കട റോഡിലെ വടക്കാങ്ങര മുതൽ കാളാവ് വരെയുള്ള രണ്ട് കിലോമീറ്ററിലാണ് അപകടങ്ങളുണ്ടാക്കിയത്.എ.എസ്.ഐ ഓടിച്ച ജീപ്പ് ആദ്യം കാറിലിടിച്ച് നിർത്താതെ പോയി. പിന്നാലെ ബൈക്കിന് നേരെയും അപകടം വരുത്തും രീതിയിൽ കുതിച്ചെത്തി. വെട്ടിച്ച് രക്ഷപ്പെട്ട ബൈക്ക് യാത്രികൻ സംശയത്തെ തുടർന്ന് വാഹനം തടഞ്ഞു നിറുത്തുകയായിരുന്നു. നാട്ടുകാർ ഇടപെട്ടതോടെ വാഹനമെടുത്ത് പോവാൻ എ.എസ്.ഐ ശ്രമിച്ചു. മദ്യപിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെ വാഹനത്തിന്റെ ചാവി ഊരിയെടുത്ത നാട്ടുകാർ ഇയാളെ പോവാൻ അനുവദിച്ചില്ല. നാട്ടുകാർ എസ്.പിയെ വിളിച്ചറിയിച്ചതോടെ മങ്കട പൊലീസെത്തി എ.എസ്.ഐയെ കസ്റ്റഡിയിലെടുത്തു. കാറിന്റെ ഉടമയുടെ പരാതിയിൽ മങ്കട പൊലിസ് കേസെടുത്തിട്ടുണ്ട്.