
മലപ്പുറം: മോട്ടോർ വാഹന വകുപ്പും പൊലീസും വ്യാപകമായി പരിശോധനയും ബോധവത്കരണവും നടത്തുമ്പോഴും ജില്ലയിൽ വാഹനാപകടങ്ങൾക്ക് കുറവില്ല. 2023ൽ ആകെ 3,256 വാഹനാപകടങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തപ്പോൾ ഇതിൽ 313 പേർ മരിക്കുകയും 3,805 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2022ൽ 2,992 വാഹനാപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 321 പേർക്ക് ജീവൻ നഷ്ടമാകുകയും 3,499 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 2021ൽ നടന്ന 2,152 വാഹനാപകടങ്ങളിലായി 292 പേർ മരിക്കുകയും 2,396 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
നിരത്തിലെ ആവേശം
ജില്ലയിൽ ഏറ്റവും കൂടുതൽ നിയമ ലംഘനക്കേസുകൾ രജിസ്റ്റർ ചെയ്യുന്നത് ഹെൽമെറ്റ് ധരിക്കാതെ വണ്ടി ഓടിക്കുന്നതിനാണ്. അമിത വേഗത്തിലും അശ്രദ്ധയോടെയും ബൈക്കിൽ ചീറിപ്പായുന്നത് സ്ഥിരം കാഴ്ചയാണ്. കോളേജ് വിദ്യാർത്ഥികളാണ് ഇതിൽ കൂടുതലും. മൊബൈൽ ഫോണിൽ സംസാരിച്ചും ലഹരി ഉപയോഗിച്ചും വാഹനം ഓടിക്കുന്നത് അപകടം വിളിച്ച് വരുത്തുന്നു. ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുമ്പോൾ പിൻസീറ്റിലുള്ളവർ അടക്കം ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വണ്ടിയോടിക്കുന്നവർ പോലും നേരത്തെ ഹെൽമറ്റ് ധരിക്കാത്തത് നിത്യസംഭവമായിരുന്നു. എന്നാൽ, എ.ഐ ക്യാമറകൾ സജീവമായതോടെ ഹെൽമറ്റ് ധരിക്കാത്തവരുടെ എണ്ണം ഗണ്യമായി കുറഞ്ഞു.
പരിഹാരം കാണാം
റോഡ് സുരക്ഷയെക്കുറിച്ചും റോഡ് നിയമങ്ങളെക്കുറിച്ചും ആർ.ടി.ഒ മുഖാന്തരം അവബോധ ക്ലാസ് സംഘടിപ്പിക്കാനും റോഡിന് ഇരുവശത്തുമുള്ള അനധികൃത പാർക്കിംഗ്, അനധികൃത വഴിയോര കച്ചവടങ്ങൾ എന്നിവയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാ കളക്ടർ വി.ആർ.വിനോദിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റോഡ് സുരക്ഷാ അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. റോഡ് ഗതാഗതത്തിന്റെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അനധികൃത പരസ്യ ബോർഡുകൾ നീക്കം ചെയ്യാൻ അതത് സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകാനും കളക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
2021
അപകടം - 2,152
മരണനിരക്ക് - 292
പരിക്കേറ്റവർ - 2,396
2022
അപകടം - 2,992
മരണം - 321
പരിക്കേറ്റവർ- 3,499
2023
അപകടം - 3,256
മരണം - 313
പരിക്കേറ്റവർ -3,805