
മലപ്പുറം: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജിന് അപേക്ഷിച്ചവർക്കുള്ള നറുക്കെടുപ്പിൽ കേരളത്തിൽ നിന്ന് 16,776 പേർ തിരഞ്ഞെടുക്കപ്പെട്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന നറുക്കെടുപ്പിൽ ജനറൽ വിഭാഗത്തിൽ നിന്ന് 11,942 പേർക്ക് അവസരം ലഭിച്ചു. 70 വയസിന് മുകളിലുള്ള 1,250 പേരെയും 45 വയസിന് മുകളിലുള്ള മെഹ്റമില്ലാത്ത സ്ത്രീകളുടെ വിഭാഗത്തിൽ 3,584 പേരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തു.
8,008 പേരാണ് വെയ്റ്റിംഗ് ലിസ്റ്റിലുള്ളത്. മൊത്തം 24,748 പേരാണ് സംസ്ഥാനത്ത് അപേക്ഷിച്ചിരുന്നത്. ആദ്യമായാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സംസ്ഥാനത്ത് ഇത്രയധികം പേർക്ക് ഹജ്ജിന് അവസരം ലഭിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ മതിയായ അപേക്ഷകരില്ലാത്തതിനാൽ കേരളം ഉൾപ്പെടെ കൂടുതൽ അപേക്ഷകരുള്ള സംസ്ഥാനങ്ങൾക്ക് സീറ്റുകൾ വീതം വയ്ക്കുകയായിരുന്നു. 9,587 സീറ്റുകളാണ് കേരളത്തിന് അധികമായി അനുവദിച്ചത്.