
നിലമ്പൂര്‍: നിലമ്പൂര്‍ ടൗണ്‍ വികസനത്തിന്റെ ഭാഗമായി തുടങ്ങിയ റോഡ് നിര്‍മ്മാണം ഇഴയുന്നതില്‍ പ്രതിഷേധം ശക്തം. വ്യാപാരികള്‍ പൊതുമരാമത്ത് റോഡ്സ് വിഭാഗം ഓഫീസിലെത്തി നിവേദനം നല്‍കി. കെ.എന്‍.ജി റോഡില്‍ മില്‍മ ബൂത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ജലം റോഡിലേക്ക് ഒഴുകുകയാണ്. 10 ദിവസമായിട്ടും നടപടിയില്ലെന്നും വ്യാപാരികള്‍ പറഞ്ഞു. നിലമ്പൂര്‍ ടൗണിന്റെ വികസനത്തിന് പിന്തുണ നല്‍കിയ വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്ന നിലപാടാണ് പൊതുമരാമത്ത് റോഡ്സ് വിഭാഗം ഉള്‍പ്പെടെ സ്വീകരിക്കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു. റോഡ് വികസനം ഇഴഞ്ഞു നീങ്ങുന്നതിലെ പ്രതിഷേധം നേരിട്ട് അറിയിക്കാനാണ് യു.നരേന്ദ്രന്റെ നേതൃത്വത്തില്‍ വ്യാപാരി സംഘടനകളുടെ പ്രതിനിധികളും വ്യാപാരികളുമുള്‍പ്പെടെയുള്ളവര്‍ നിലമ്പൂരിലെ പൊതുമരാമത്ത് വകുപ്പിന്റെ ഓഫീസിലെത്തിയത്. എ.ഇയുടെയും ഓവര്‍സിയറുടെയും അസാനിദ്ധ്യത്തില്‍ ഓഫീസില്‍ നിവേദനം നല്‍കി മടങ്ങി. മൂന്ന് മാസം കൊണ്ട് ടൗണ്‍ വികസനം പൂര്‍ത്തികരിക്കുമെന്നാണ് എ.ഇ.ഉള്‍പ്പെടെയുള്ളവര്‍ വ്യാപാരികള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നത്. 2023 നവംമ്പര്‍ 18നാണ് പ്രവൃത്തി തുടങ്ങിയത്. അധികൃതര്‍ പറഞ്ഞ കാലാവധി ജനുവരി 18ന് പൂര്‍ത്തിയായപ്പോഴും പണി എങ്ങും എത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വ്യാപാരികളുടെ പ്രതിഷേധം. നിലമ്പൂര്‍ പാട്ടുത്സവം തുടങ്ങി നിരവധി പ്രാവിശ്യം പണി നിറുത്തിവച്ചു. അധികൃതരുടെ വക്കില്‍ വിശ്വസിച്ച് കടകളുടെ മുന്‍ഭാഗങ്ങള്‍ ഉള്‍പ്പെടെ പൊളിച്ച് നല്‍കിയവരാണ് ഏറെ പ്രതിസന്ധിയില്‍ കഴിയുന്നത്. കടകളില്‍ വരുമാനം അഞ്ചില്‍ ഒന്നായി കുറഞ്ഞുവെന്നും വ്യാപാരികള്‍ പറഞ്ഞു. വാടക പോലും നല്‍കാന്‍ കഴിയാത്ത പ്രയാസത്തിലാണ്. പല കടകളും അടച്ച് പൂണ്ടേണ്ടിവരും. ഈ അവസ്ഥ ഒഴിവാക്കി പണി അടിയന്തരമായി പൂര്‍ത്തികരിക്കണമെന്നും ഇല്ലെങ്കില്‍ തുടര്‍സമരങ്ങള്‍ ഉണ്ടാകുമെന്നും വ്യാപാരികള്‍ പറഞ്ഞു. ചില വ്യാപാര സ്ഥാപനങ്ങള്‍ കോടതിയെ സമീപിച്ചിരിക്കുന്നതും പോലീസ് സ്‌റ്റേഷന്റെ മതില്‍ പൊളിക്കല്‍ വനംവകുപ്പിന്റെ ഭാഗത്തെ വീതികൂട്ടലും, ടാക്സിസ്റ്റാന്റ് മാറ്റി സ്ഥാപിക്കലും അടക്കം നിരവധി വെല്ലുവിളികളാണ് അധികൃതര്‍ക്ക് മുന്നിലുള്ളത്. ടൗണ്‍ വികസനത്തിന് എല്ലാ പിന്തുണയും നല്‍കിയ വ്യാപാരികളുടെ കടകള്‍ പൂട്ടേണ്ട സാഹചര്യം ഒഴിവാക്കണമെന്നാണ് വ്യാപരികളുടെ പ്രധാന ആവശ്യം. 10 ദിവസമായി വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം വ്യാപകമായി ഒഴുകി പോകുകയും ഇരുചക്രവാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടുകയും ചെയ്യുമ്പോള്‍ വാട്ടര്‍ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്.