
കോട്ടക്കൽ: മനസിനെയും ശരീരത്തെയും സമന്വയിപ്പിക്കുന്ന ശാസ്ത്രമാണ് ആയുർവേദമെന്ന് കേരള കലാമണ്ഡലം ചാൻസലർ ഡോ. മല്ലിക സാരാഭായ് പറഞ്ഞു. കോട്ടക്കൽ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. മണിക്കൂറുകൾ കഠിനമായ അദ്ധ്വാനം ആവശ്യമുള്ള മേഖലയാണ് നൃത്തത്തിന്റേത്. ഇതിന് ശാരീരികമായും മാനസികമായും നർത്തകർക്ക് കരുത്ത് നൽകാൻ ആയുർവേദം ഏറെ പ്രസക്തമാണെന്നും അവർ കൂട്ടിച്ചേർത്തു.
കോട്ടക്കൽ ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം.വാരിയർ അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ, ജ്യോതിശാസ്ത്രജ്ഞനായ ഡോ.അശ്വിൻ ശേഖർ, മാനേജിംഗ് ട്രസ്റ്റി അഡ്വ.സി.ഇ.ഉണ്ണിക്കൃഷ്ണൻ, മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ.കെ.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്തു. പഠനരംഗത്ത് മികവ് പുലർത്തിയ വിദ്യാർത്ഥികൾക്ക് ഏർപ്പെടുത്തിയ അവാർഡുകളും സ്‌കോളർഷിപ്പുകളും മാനേജിംഗ് ട്രസ്റ്റി ഡോ.പി.എം വാരിയർ വിതരണം ചെയ്തു.