
ഷൊർണൂർ: അമൃത് ഭാരത് സ്റ്റേഷന്റെ ആദ്യഘട്ടം ഫെബ്രുവരിയിൽ പൂർത്തിയാകും. നവീകരണ പ്രവർത്തനങ്ങൾക്കായി ജംഗ്ഷൻ റെയിൽവേ സ്റ്റേഷന് മുന്നിലെ റോഡ് വലത്തോട്ട് വരുന്ന രീതിയിൽ ക്രമീകരിക്കും. 400 മീറ്റർ കഴിഞ്ഞാൽ പഴയ റോഡിൽ തന്നെ വന്നുചേരും. റോഡ് മാറ്റി സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലെ ടിക്കറ്റ് കൗണ്ടറിന് സമീപമാണ് പുതിയ റോഡ് എത്തിച്ചേരുക. അതേസമയം സ്റ്റേഷന് മുൻവശം കൂടുതൽ സ്ഥലം ലഭിക്കുന്നതോടെ കൂടുതൽ വാഹനങ്ങൾക്ക് സൗകര്യം ലഭിക്കും.
അമൃത് സ്റ്റേഷൻ പദ്ധതിയിൽ ഷൊർണൂർ ഉൾപ്പെട്ടതോടെയാണ് 24.7 കോടിയുടെ വികസന പദ്ധതികൾക്ക് തുടക്കമായത്. സ്റ്റേഷനിൽ മുടങ്ങിക്കിടന്ന ഫുട് ഓവർ ബ്രിഡ്ജ് നിർമ്മാണം പുനഃരാരംഭിച്ചു. എസ്കലേറ്റർ, യാത്രക്കാരെ പ്ളാറ്റ്ഫോമുകളിലൂടെ ട്രെയിനിന് സമീപം എത്തിക്കുന്ന ഇലക്ട്രിക് കാറുകൾ തുടങ്ങിയവ അടുത്ത ഘട്ടത്തിലുണ്ടാകും.
മിനിമം എസൻഷ്യൽ അമിനിറ്റി സ്റ്റാൻഡേർഡ് (എം.ഇ.എ) അനുസരിച്ചുള്ള വെയ്റ്റിംഗ് ഏരിയകൾ, ഇരിപ്പിടങ്ങൾ, ശൗചാലയങ്ങൾ എന്നിവയാണ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിൽ നിർമ്മിക്കുന്നത്. കാലാവസ്ഥാ വിവരങ്ങൾ സ്റ്റേഷനിലെ എല്ലാ പ്ലാറ്റ്ഫോമുകളിലും പ്രദർശിപ്പിക്കും. ട്രെയിനുകളുടെ സമയ മാറ്റം ഉൾപ്പെടെയുള്ള കാര്യങ്ങൾ തത്സമയം യാത്രക്കാരെ അറിയിക്കാൻ ആധുനിക സംവിധാനം എല്ലാ പ്ലാറ്റ്ഫോമുകളിലുമുണ്ടാകും.