agri

പാലക്കാട്: കർഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം കൊടുക്കുന്ന പി.എം കിസാൻ പദ്ധതിയിൽ തുക ലഭിക്കാൻ കാലതാമസം വരുന്നതായുള്ള പരാതികൾ പരിഹരിക്കാൻ കേന്ദ്ര കൃഷി മന്ത്രാലയം. ബാങ്കുകളുടെ നടപടി പൂർത്തിയായാലേ പദ്ധതി വഴി തുക ലഭിക്കൂ. അതിന് കാലതാമസം വരുന്നതായാണ് പരാതി. ജനുവരി 15നകം പരിശേ‍ാധനയും നടപടികളും മുഴുവൻ പൂർത്തിയാക്കാനാണ് നിർദേശം. ലേ‍ാക്‌സഭാ തിരഞ്ഞെടുപ്പു കൂടി ലക്ഷ്യമിട്ടാണ് കേന്ദ്ര നീക്കം.

പദ്ധതിയിൽ നിന്ന് അനർഹരെ ഒഴിവാക്കാനും അർഹരായ കർഷകരെ ചേർക്കാനും സാങ്കേതിക പ്രശ്നം മൂലം പുറത്തായവരുടെ ആനുകൂല്യം പുനഃസ്ഥാപിക്കാനും വില്ലേജ് തലത്തിൽ നോഡൽ ഓഫിസർമാരെ നിയമിക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. മൂന്ന് വില്ലേജുകൾക്ക് ഒരാൾ എന്ന രീതിയിലാണ് കൃഷി ഒ‍ാഫീസർ, കൃഷി അസിസ്റ്റന്റ് എന്നിവരെ നേ‍ാഡൽ ഒ‍ാഫീസറായി നിയമിക്കുന്നത്. എന്നാൽ, ദൈനംദിന ജേ‍ാലികൾക്കെ‍ാപ്പം പദ്ധതി വിലയിരുത്തലും ഫീൽഡ് സന്ദർശനവും എങ്ങനെ നടത്തുമെന്ന ആശങ്കയിലാണ് ഉദ്യേ‍ാഗസ്ഥർ. പദ്ധതിയുടെ ചെലവിൽ പ്രത്യേകം ഉദ്യേ‍‍ാഗസ്ഥനെ നിയമിക്കാനാണ് കേന്ദ്രം നിർദേശിച്ചിട്ടുള്ളത് എന്നും ജീവനക്കാർ പറയുന്നു.

നടപടി ഇഴഞ്ഞു,​ പരാതി പ്രവാഹമായി

ഭൂരേഖയിലെ അപാകതയും മറ്റു സാങ്കേതിക പ്രശ്നങ്ങളും കാരണം സംസ്ഥാനത്ത് 11 ലക്ഷം പേർ പദ്ധതിയിൽ നിന്ന് പുറത്തായിരുന്നു. തുടർന്ന് വകുപ്പുകളുടെ സംയുക്ത പരിശേ‍ാധനയിൽ നാലുലക്ഷത്തിലധികം പേർക്ക് ആനുകൂല്യം പുനഃസ്ഥാപിച്ചു. പിന്നീട് നടപടി മെല്ലെയായി. ഇതിനെതിരെ കർഷകരും വിവിധ സംഘടനകളും പരാതി നൽകിയിരുന്നു.

നേ‍ാഡൽ ഒ‍ാഫീസറുടെ ചുമതല

അപേക്ഷിച്ചിട്ടും ആനുകൂല്യം ലഭിക്കാത്തവർ, ബാങ്ക് അക്കൗണ്ടും ആധാറും ബന്ധിപ്പിക്കാത്തവർ എന്നിവരെ നേരിൽ കണ്ട് നടപടി സ്വീകരിക്കുക, ഗ്രാമസഭ,​ തപാൽ- ബാങ്ക് പ്രതിനിധികളുടെ യേ‍ാഗം എന്നിവ വിളിച്ച് പുരേ‍ാഗതി വിലയിരുത്തുക. ആഴ്ച തോറും പുരോഗതി അറിയിച്ച് റിപ്പോർട്ട് നൽകുക.