b

പാലക്കാട്: നിയമം ലംഘിച്ച് കാലികളെ കുത്തിനിറച്ചു കേരളത്തിലേക്ക് വരുന്ന ലോറികളിൽ നിന്ന് കൈക്കൂലി വാങ്ങി അതിർത്തിയിലെ കന്നുകാലി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്നു. മീനാക്ഷിപുരം, ഗോവിന്ദാപുരം, ഗോപാലപുരം, പരിശിക്കൽ എന്നിവിടങ്ങളിലെ മൃഗസംരക്ഷണ വകുപ്പിന്റെ ചെക്പോസ്റ്റുകളിലാണ് അസുഖ ബാധിതരായ കന്നുകാലികളെ പോലും യാതൊരു പരിശോധനയുമില്ലാതെ കടത്തിവിടുന്നത്.

പ്രതിദിനം 50-ഓളം ലോറികളാണ് കന്നുകാലികളെ കയറ്റി ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് പോകുന്നത്. സംസ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ കന്നുകാലി ലോ‌ഡെത്തുന്നത് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്. ആന്ധ്ര, തെലങ്കാന, കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പ്രധാനമായും കന്നുകാലികളെ കേരളത്തിലേക്ക് എത്തിക്കുന്നത്. പലതരം അസുഖം ബാധിച്ച കന്നുകാലികൾ ഉൾപ്പെടെ അന്യസംസ്ഥാനത്ത് നിന്നും എത്തുന്നുണ്ടെന്ന ആക്ഷേപം ശക്തമാണ്.

കൈക്കൂലി വാങ്ങി പരിശോധന കൂടാതെ കന്നുകാലി ലോറികൾ കടത്തിവിടുന്ന വിവരത്തെ തുടർന്ന് വിജിലൻസ് പരിശോധന നടത്തുന്നതും ക്രമക്കേട് കണ്ടെത്തുന്നതും പതിവാണ്. എന്നാൽ അടുത്ത ദിവസം മുതൽ വീണ്ടും പഴയ പടിയാകും. ഇറച്ചിക്കോഴി കയറ്റി വരുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കണമെന്ന വ്യവസ്ഥയും പാലിക്കുന്നില്ല.


ഒരു ലോറി, 60 കാലി

ഏറ്റവും വലിയ ലോറിയിൽ പരമാവധി 16 കന്നുകാലികളെ കയറ്റാം. എന്നാൽ അറുപതിലേറെ കാലികളെ കുത്തിനിറച്ചാണ് ഓരോ ലോറിയും വരുന്നത്. നൂറുകണക്കിന് കിലോമീറ്റർ ഒന്നനങ്ങാൻ പോലും പറ്റാത്ത വിധമാണ് ഇവയെ കൊണ്ടുവരുന്നത്. ലോറികളിൽ കന്നുകാലികൾക്കുള്ള വെള്ളം, തീറ്റ എന്നിവ കരുതണമെന്നുണ്ടെങ്കിലും പേരിന് ഒരു കെട്ട് വൈക്കോൽ കെട്ടിവച്ച് ഉദ്യോഗസ്ഥരുടെ കണ്ണിൽ പൊടിയിടും.

ഡോക്ടറില്ലാ ചെക്‌പോസ്റ്റ്

മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലുള്ള കന്നുകാലി ചെക്‌പോസ്റ്റുകളിൽ ഡോക്ടർ, ഫീൽഡ് സ്റ്റാഫ് മറ്റു ഉദ്യോഗസ്ഥർ എന്നിവർ വേണമെന്നുണ്ട്. എന്നാൽ മിക്കയിടത്തും ഡോക്ടർമാരുടെ സേവനം ലഭ്യമല്ല. ചെക്പോസ്റ്റുകളിൽ സർട്ടിഫിക്കറ്റുകൾ സീൽ ചെയ്തുവച്ച് ഡോക്ടർമാർ പോവുകയാണ് പതിവ്.