പട്ടാമ്പി: ഭാരതപ്പുഴയിലെ വെള്ളിയാങ്കല്ല് റെഗുലേറ്ററിൽ ജലസംഭരണം ആരംഭിച്ചു. ഷട്ടറുകൾ താഴ്ത്തിയതോടെ തൃത്താല മുതൽ പട്ടാമ്പി പഴയകടവ് വരെ ജലസമൃദ്ധിയായി. പട്ടാമ്പി നഗരസഭയിലെ കുടിവെള്ള പദ്ധതികൾക്കും മുതുതല പഞ്ചായത്തിലെ പദ്ധതി പ്രദേശത്തും നിലവിൽ ജലനിരപ്പുണ്ട്.
11 മേജർ കുടിവെള്ള പദ്ധതികളും തൃശൂർ ജില്ലയിലെ നിരവധി പഞ്ചായത്തുകൾക്കും മൂന്നു നഗരസഭകൾക്കും വെള്ളമെത്തിക്കുന്ന പാവറട്ടി ശുദ്ധജല വിതരണ പദ്ധതിയും തൃത്താല റെഗുലേറ്ററിന് കീഴിലുണ്ട്. തൃത്താല മേഖലയിലെ തിരുമിറ്റക്കോട്, ചാലിശേരി, നാഗലശേരി പഞ്ചായത്തുകളിലേക്കും പാവറട്ടി പദ്ധതിയിൽ നിന്ന് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്.
തോട്ടുകണ്ടം കടവിലും മുതുതലയിലും താത്കാലിക തടയണ കെട്ടിയാണ് മുൻവർഷങ്ങളിൽ വേനലിൽ ജലസംഭരണം നടത്തിയത്. നേരത്തേ തന്നെ സംഭരണം ആരംഭിക്കുന്നത് കുടിവെള്ള പദ്ധതികളുടെ പമ്പിംഗിന് സഹായമാണ്. എന്നാൽ ജലനിരപ്പ് കാര്യമായി താഴ്ന്നാൽ മലമ്പുഴ വെള്ളമാണ് ആശ്രയം. ജലനിരപ്പ് തുടർച്ചയായി നിലനിറുത്തിയാലേ പമ്പിംഗ് തടസമില്ലാതെ നടത്താനാവൂ. പദ്ധതി നിലച്ചാൽ പതിനയ്യായിരത്തിലധികം ഗുണഭോക്താക്കളാണ് ദുരിതത്തിലാകുക.